കൊല്ലം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ആശ്രാമം ഉളിയക്കോവില്‍ ദേവീക്ഷേത്രത്തിന് സമീപത്തെ ജില്ലാ മരുന്നു സംഭരണശാല പൂര്‍ണമായും കത്തി നശിച്ചതില്‍ ഏകദേശം 10 കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായെന്ന് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രി 8.45നാണ് തീപിടുത്തമുണ്ടായത്.
സംഭരണശാലയിലുണ്ടായിരുന്ന മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പുറമെ കോമ്ബൗണ്ടില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ഒരു കാറും രണ്ട് ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചു. പരസ്‌പരം ബന്ധിപ്പിച്ചിട്ടുള്ള ഷീറ്റ് മേഞ്ഞ മൂന്ന് കെട്ടിടങ്ങളില്‍ ഇടത് വശത്തേതിലാണ് ആദ്യം തീപിടിച്ചത്. സംഭരണശാലയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് അഗ്നിബാധ ആദ്യം കണ്ടത്. ഇയാളുടെ ബഹളം കെട്ട് പരിസരവാസികള്‍ ഓടിയെത്തുമ്ബോഴേക്കും കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു.
ഓടി രക്ഷപ്പെട്ടതിനാല്‍ സെക്യൂരിറ്റി ജീവനക്കാരന് പരുക്കില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നിലം പതിച്ചു. ഭിത്തികള്‍ കത്തിക്കരിഞ്ഞു. കോവിഡ് കാലത്ത് സംഭരിച്ച മരുന്നുകളും സാനിറ്റൈസറും അടക്കം കത്തി. മരുന്നിനു പുറമെ അവ സൂക്ഷിച്ചിരുന്ന റാക്കുകളും കമ്ബ്യൂട്ടറുകള്‍ അടക്കമുള്ള ഓഫീസ് ഉപകരണങ്ങളും കത്തി ചാമ്ബലായി. മരുന്ന് കത്തിയതിനാല്‍ അസഹ്യമായ ദുര്‍ഗന്ധവും പരിസരത്താകെ വ്യാപിച്ചിരുന്നു. മരുന്നു സംഭരണശാലയ്‌ക്ക് ചുറ്റും മതിലുണ്ട്. അതിന് തൊട്ടടുത്തായി വീടുകളുമുണ്ട്. പെട്ടെന്ന് തീ ആളിപ്പടര്‍ന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ കാര്യമായി തീ കെടുത്താനായില്ല. കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളില്‍ നിന്നായി 15 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വന്‍ പോലീസ് സന്നാഹവും സ്‌ഥലത്തെത്തിയിരുന്നു. സംഭരണശാലയോട് ചേര്‍ന്നുള്ള വീട് തീപിടിത്തത്തിന്റെ ഭീഷണിയിലായിരുന്നു.
ഫയര്‍ഫോഴ്‌സ് ആ ഭാഗത്തെ തീ ആദ്യം കെടുത്തിയതിനാല്‍ വീടിന് കേടുപാടുകള്‍ ഉണ്ടായില്ല. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുകയില്‍ ബുദ്ധിമുട്ടു നേരിട്ടെന്നു പരാതി ഉയര്‍ന്നതോടെ നാട്ടുകാരെ ഒഴിപ്പിക്കാനും ശ്രമം തുടങ്ങി. ആശുപത്രികളില്‍ ഉപയോഗിക്കുന്ന സ്‌പിരിറ്റ് ഉള്‍പ്പടെയുള്ള വസ്‌തുക്കളും പൊട്ടിത്തെറിക്കുന്ന ശബ്‌ദവും നാട്ടുകാരില്‍ ആശങ്ക പടര്‍ത്തി.
തീ നിയന്ത്രണ വിധേയമാകില്ലെന്ന ആശങ്ക പടര്‍ന്നതിനെ തുടര്‍ന്ന് എം.ജി കോളനിയിലെയും പരിസരത്തെയും 75 കുടുംബങ്ങളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒന്നോടെയാണ് അഗ്നിബാധ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അഗ്നിരക്ഷാ സംവിധാനങ്ങളില്ലാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ഗോഡൗണ്‍ പ്രവര്‍ത്തിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഗോഡൗണിന് പ്രവര്‍ത്തന അനുമതി നല്‍കിയതില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ക്കും കൊല്ലം കോര്‍പറേഷനും വീഴ്‌ച ഉണ്ടായിയെന്നും ആരോപണമുണ്ട്. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
കൃത്യമായ പരിശോധനകള്‍ ഇത്രയും കാലമായി അധികൃതര്‍ നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഇടിമിന്നല്‍ ഏറ്റതിനെ തുടര്‍ന്ന് ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്ത് തീപിടിത്തുമുണ്ടായതെന്ന് മരുന്നു സംഭരണ കേന്ദ്രത്തിലെ ജീവനക്കാര്‍ പറഞ്ഞു.
തുടര്‍ന്ന് സ്‌പരിറ്റ് ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരുന്നിടത്ത് തീപടരുകയായിരുന്നു. ജനറേറ്റുകളും ശീതീകരണ സംവിധാനവും ഉള്‍പ്പെടെയാണ് കത്തിനശിച്ചത്. ഈ മരുന്ന് സംഭരണകേന്ദ്രത്തില്‍ നിന്നാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലടക്കം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്കും മരുന്ന് എത്തിച്ചിരുന്നത്.