T20 World Cup 2024 : ഇംഗ്ലണ്ടിനെതിരേ ഏഴു റണ്‍സിന്റെ ജയിച്ച് സൗത്താഫ്രിക്ക!

0
47

അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന മലര്‍ത്തിയടിച്ച് ടി20 ലോകകപ്പില്‍ സൗത്താഫ്രിക്ക സെമി ഫൈനലിനു തൊട്ടരികെ. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ഏഴു റണ്‍സിന്റെ നാടകീയ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ഇതോടെ ടൂര്‍ണമെന്റിലെ അപരാജിത റെക്കോര്‍ഡും അവര്‍ കാത്തുസൂക്ഷിച്ചു.

164 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു സൗത്താഫ്രിക്ക നല്‍കിയത്. ഹാരി ബ്രൂക്കിന്റെ (53) ഇടിവെട്ട് ഫിഫ്റ്റിയില്‍ അവര്‍ വീറോടെ പൊരുതിയെങ്കിലും ആറു വിക്കറ്റിനു 156 റണ്ണെടുക്കാനേ ആയുള്ളൂ. 37 ബോളില്‍ ഏഴു ഫോറുള്‍പ്പെട്ടതാണ് ബ്രൂക്കിന്റെ ഇന്നിങ്‌സ്. ലിയാം ലിവിങ്സ്റ്റണ്‍ 17 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 33 റണ്‍സുമായും കസറി. മറ്റാരും തിളങ്ങിയില്ല.

അവസാന മൂന്നോവറിലാണ് സൗത്താഫ്രിക്ക കളി ജയിച്ചുകയറിയത്. 17 ഓവര്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് 4 വിക്കറ്റിനു 139 റണ്‍സെടുത്തിരുന്നു. ശേഷിച്ച മൂന്നോവറില്‍ 25 റണ്‍സ് മാത്രമേ ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. പക്ഷെ 17 റണ്‍സ് മാത്രമേ സൗത്താഫ്രിക്ക വഴങ്ങിയുള്ളൂ. രണ്ടു പ്രധാനപ്പെട്ട വിക്കറ്റുകളും ഇതിനിടെ വീഴ്ത്തുകയും ചെയ്തു.

കാഗിസോ റബാഡയും കേശവ് മഹാരാജും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട സൗത്താഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (65) തകര്‍പ്പന്‍ ഫിഫ്റ്റിയും ഡേവിഡ് മില്ലറുടെ (43) ഇന്നിങ്‌സുമാണ് സൗത്താഫ്രിക്കയ്ക്കു കരുത്തായത്. മറ്റാരെയും 20 റണ്‍സ് പോലും തികയ്ക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ അനുവദിച്ചില്ല.

വെറും 38 ബോളിലാണ് ഡികോക്ക് 65 റണ്‍സ് അടിച്ചെടുത്തത്. നാലു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മില്ലറാവട്ടെ 28 ബോൡ നാലു ഫോറും രണ്ടു സിക്‌സറും പറത്തി. റീസ്സ ഹെന്‍ഡ്രിക്‌സ് (19), ഹെന്‍ട്രിച്ച് ക്ലാസെന്‍ (8), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (1), മാര്‍ക്കോ യാന്‍സണ്‍ (0) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി.

ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്ക 180-190 റണ്‍സെങ്കിലും അടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ അവസാന 10 ഓവറില്‍ ഉജ്ജ്വല ബൗളിങിലൂടെ സൗത്താഫ്രിക്കയെ ഇംഗ്ലണ്ട് വരിഞ്ഞുകെട്ടുകയായിരുന്നു. ആദ്യത്തെ 10 ഓവറില്‍ സൗത്താഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡില്‍ 87 റണ്‍സുണ്ടായിരുന്നു. എന്നാല്‍ അടുത്ത 10 ഓവറില്‍ 76 റണ്‍സ് മാത്രമേ അവര്‍ക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here