തമിഴ്‌നാട് മന്ത്രിസഭാ പുനഃസംഘടന ശുപാർശകൾക്ക് ഗവർണറുടെ അംഗീകാരം. 2021ന് ശേഷം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട്ടിലെ മന്ത്രിസഭയിൽ രണ്ടാം തവണയാണ് പുനഃസംഘടന നടത്തുന്നത്. സംസ്ഥാന പാൽ, ക്ഷീരവികസന മന്ത്രി എസ്എം നാസറിനെ ഒഴിവാക്കി എംഎൽഎ ടിആർബി രാജയെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയതായി ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. മന്നാർഗുഡി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ഡോ.ടി.ആർ.ബി രാജയെ മന്ത്രി സഭയിൽ ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രി സ്റ്റാലിന്റെ ശുപാർശകൾ ഗവർണർ ആർഎൻ രവി അംഗീകരിച്ചതായി രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു. ഡിഎംകെ ഐടി വിഭാഗം മേധാവിയാണ് രാജ.
ഇതിനുപുറമെ മന്ത്രിസഭയിൽ നിന്ന് പാൽ, ക്ഷീര വികസന മന്ത്രി എസ്എം നാസറിനെ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശയും ഗവർണർ അംഗീകരിച്ചു. പാർട്ടി പ്രവർത്തകന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് നാസർ കുറച്ച് മാസങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നു വന്നതോടെയാണ് ഇയാളെ സ്‌ഥിസംഭിയിൽ നിന്നൊഴിവാക്കിയതെന്നാണ് വിവരം.
മുതിർന്ന പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ ടിആർ ബാലുവിന്റെ മകനാണ് രാജ. മേയ് 11ന് എംഎൽഎ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും രാജ്ഭവൻ കൂട്ടിച്ചേർത്തു.