ഡല്‍ഹി: സമാധാനം നിലനിന്നിരുന്ന മണിപ്പൂരില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഹൈദരാബാദ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്റണി.
വിശ്വാസികളായ ക്രിസ്ത്യാനികളും ജനാധിപത്യത്തെ പ്രതിരോധിക്കുന്നവരും അക്രമാസക്തമായി പ്രതികരിക്കരുതെന്ന് ആഹ്വാനം ചെയ്തു. ആക്രമണത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടു.
നിരവധി ചര്‍ച്ചുകളും ചര്‍ച്ചിന്റെ സ്വത്തുക്കളും തീവെച്ചുനശിപ്പിച്ചുവെന്നും തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടെന്നും ജനങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നതെന്നും ആര്‍ച്ച് ബിഷപ് പ്രസ്താവനയില്‍ വ്യക്തമാക്കി. ജനജീവിതം, വിശിഷ്യാ ക്രിസ്ത്യാനികളുടേത് അപകടത്തിലാണ്. പലായനം ചെയ്യേണ്ടിവന്ന ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ ഭീഷണിയിലാണ്. ക്രിസ്തുമതം എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ സ്നേഹവും സമാധാനവും സൗഹാര്‍ദവും പ്രോത്സാഹിപ്പിക്കുന്ന വിശ്വാസമാണെന്നും എന്നാല്‍ ക്രിസ്ത്യാനികള്‍ക്കുനേരെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ മാത്രം അക്രമവും വിവേചനവും വര്‍ധിച്ചുവരുന്നത് വേദനാജനകമാണെന്നും ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി.