ഭീകരതയെ ആയുധമാക്കരുത് എന്ന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ (Bilawal Bhutto) പരാമര്‍ശത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ (S Jaishankar). ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SC)) വിദേശകാര്യ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗ ശേഷം ഗോവയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജയ്ശങ്കറും ഭൂട്ടോയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയല്ല. എസ്സിഒ യോഗത്തില്‍ ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും ചെറുക്കണമെന്ന് ജയശങ്കര്‍ ആഹ്വാനം ചെയ്തു. ‘തീവ്രവാദത്തിന്റെ വിപത്ത് അനിയന്ത്രിതമായി തുടരുകയാണ്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെയുള്ള ഭീകരതയെ ന്യായീകരിക്കാന്‍ കഴിയില്ല. തീവ്രവാദത്തെ ചെറുക്കുക എന്നതാണ് എസ്സി ഒയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ ഒന്ന്’ ജയ്ശങ്കര്‍ പറഞ്ഞു.
‘ഭീകരവാദത്തെ ആയുധമാക്കുന്നതിലോ അതിലൂടെ നയതന്ത്ര പോയിന്റുകള്‍ നേടാനുള്ള ശ്രമത്തിലോ കുടുങ്ങരുത്.’ എന്നാണ് ജയ്ശങ്കറിന്റെ പേര് പരാമര്‍ശിക്കാതെ ഭൂട്ടോ പ്രതികരിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ ‘ഭീകര വ്യവസായത്തിന്റെ പ്രചാരകന്‍, ന്യായീകരിക്കുന്നവര്‍, വക്താവ്’ എന്നാണ് ജയ്ശങ്കര്‍ പരാമര്‍ശിച്ചത്.
‘ഒരു എസ്സിഒ അംഗരാജ്യത്തിന്റെ വിദേശകാര്യ മന്ത്രി എന്ന നിലയില്‍, ഭൂട്ടോ സര്‍ദാരിയെ അതിനനുസരിച്ചാണ് പരിഗണിച്ചത്. തീവ്രവാദ വ്യവസായത്തിന്റെ പ്രചാരകന്‍, ന്യായീകരിക്കുന്നയാള്‍, വക്താവ് എന്നീ നിലകളിലാണ് അദ്ദേഹം തന്റെ നിലപാടുകള്‍ എസ്സിഒ യോഗത്തില്‍ വിളിച്ചുപറഞ്ഞത്. ‘ ജയ്ശങ്കര്‍ പറഞ്ഞു
ഇന്ത്യ നയതന്ത്ര പോയിന്റുകള്‍ നേടുകയല്ല, മറിച്ച് രാഷ്ട്രീയമായും നയതന്ത്രപരമായും പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തിന്റെ കാര്യത്തില്‍, ബിലാവലിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഒരു പ്രാധാന്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്‌സിഒയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ബിലാവൽ ഭൂട്ടോ വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഗോവയിലെത്തിയത്. 2011ൽ ഹിന റബ്ബാനി ഖാർ ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രി എസ്എം കൃഷ്‌ണയെ കണ്ടതിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.