റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കി രാഹുല്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചു.

0
135

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് രാഹുല്‍ ഗാന്ധി യാത്ര തിരിച്ചു. മൊയ്‌റാങ്ങിലേക്ക് ഹെലികോപ്റ്ററിലാണ് രാഹുല്‍ യാത്ര ചെയ്യുന്നത്. റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കണമെന്ന് മണിപ്പൂര്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് യാത്രയ്ക്ക് രാഹുല്‍ ഹെലികോപ്റ്റര്‍ തെരഞ്ഞെടുത്തത്.

എന്നാല്‍ രാഹുല്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  പറഞ്ഞു. നാശനഷ്ടങ്ങള്‍ പുറമേ നിന്നുള്ളവര്‍ കാണുന്നത് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതായി മനസിലാക്കി. പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അനുമതി ലഭിക്കാത്തത് മൂലം സന്ദര്‍ശിക്കാന്‍ കഴിയാത്ത ക്യാമ്പുകളിലാകും രാഹുല്‍ ഇന്ന് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 വിഭാഗങ്ങളുമായും രാഹുല്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്നലെ കാങ്‌പോകില്‍ വെടിവയ്പ്പുണ്ടായി രണ്ടുപേര്‍ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇന്നലെ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുമായി ഇന്നലെ വാക്കുതര്‍ക്കവുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here