കൊച്ചി
അരിക്കൊമ്ബന്‍ ദൗത്യം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കിയ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഹൈക്കോടതിയുടെ അഭിനന്ദനം.
വനമേഖലയോടുചേര്‍ന്ന ജനവാസമേഖലകളിലെ വന്യജീവി ആക്രമണം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിദഗ്ധസമിതി പരിശോധനാ റിപ്പോര്‍ട്ട് മെയ് 17ന് സമര്‍പ്പിക്കണം.
വനമേഖലയോടുചേര്‍ന്ന പഞ്ചായത്തുകളില്‍ മനുഷ്യനും വന്യജീവികളുമായുള്ള സംഘര്‍ഷം നിരീക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രാദേശിക ജനപ്രതിനിധികളെയും ജില്ലാ ഭരണാധികാരികളെയും ഉള്‍പ്പെടുത്തി കര്‍മസേനകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ വിദഗ്ധസമിതിക്ക് പരിഗണിക്കാം. അരിക്കൊമ്ബന്‍ കേസിലെ അമിക്കസ് ക്യൂറിയെ സമിതിയുടെ കണ്‍വീനറായും നിയമിച്ചു. മറ്റ് അംഗങ്ങള്‍ ആരൊക്കെയാണെന്ന് കണ്‍വീനറും അഡീഷണല്‍ അഡ്വക്കറ്റ് ജനറലും റിപ്പോര്‍ട്ട് നല്‍കണം. ചിന്നക്കനാലിലും സമീപപ്രദേശങ്ങളിലും നാശമുണ്ടാക്കിയ അരിക്കൊമ്ബനെ പിടികൂടുന്നത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എ കെ ജയശങ്കരന്‍നമ്ബ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. വനമേഖലയില്‍ മാലിന്യനിക്ഷേപത്തിനെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ ഇത് കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.