ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ( Ayodhya) നരസിംഹ ക്ഷേത്രത്തിലെ പൂജാരി( Priest) തൂങ്ങി മരിച്ചു. രാം ശങ്കര്‍ ദാസ് എന്ന 28 കാരനാണ് ഫേസ്ബുക്കില്‍ ലൈവില്‍ (Facebook live) വന്ന് ആത്മഹത്യ ചെയ്തത്. പോലീസിന്റെ (police) പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.റായ്ഗഞ്ച് പോലീസ് ഔട്ട്പോസ്റ്റ് ഇന്‍ ചാര്‍ജിനും കോണ്‍സ്റ്റബിളിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് രാം ശങ്കര്‍ ദാസ് ലൈവ് വീഡിയോയിലൂടെ ഉന്നയിച്ചത്.
എന്നാല്‍ കോട്വാലി പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ മനോജ് ശര്‍മ്മ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. പൂജാരി മയക്കുമരുന്നിന് അടിമയാണെന്നും അതിന്റെ സ്വാധീനത്തിലാണ് ആത്മഹത്യ ചെയ്തതെന്നും പറഞ്ഞു. ക്ഷേത്രത്തിലെ രാം ശരണ്‍ ദാസ് എന്ന വയോധികനെ കാണാതായ കേസില്‍ രാം ശങ്കര്‍ ദാസിനെതിരെ ഏതാനും ദിവസം മുമ്പ് പോലീസ് കേസെടുത്തിരുന്നു. രാം ശരണ്‍ ദാസിനെ (80) ഈ വര്‍ഷം ജനുവരി മുതല്‍ കാണാതായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് പൂജാരി രാംശങ്കര്‍ ദാസിനെ ക്ഷേത്ര വളപ്പിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായിട്ടും പൂജാരി ഹാജരാകാത്തതിനെ തുടര്‍ന്ന് പോലീസ് മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൂജാരിയുടേത് പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് തോന്നുന്നതെന്ന് മനോജ് ശര്‍മ്മ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.