പഞ്ചാബിലെ ലുധിയാനയിലെ ജിയാസ്പുര മേഖലയിലെ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർ മരിച്ചു. 11 പേരെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോക്ടർമാരും ആംബുലൻസുകളും, അഗ്നിശമന സേനാ സംഘവും സ്ഥലത്തേക്ക് ക്യാമ്പ് ചെയുന്നുണ്ട്.
ആളുകളെ ഒഴിപ്പിക്കാൻ ദേശീയ ദുരന്ത നിവാരണ സേന സംഘം സ്ഥലത്ത് ശ്രമം നടത്തുന്നുണ്ട്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജിയാസ്പുര പ്രദേശത്താണ് വാതക ചോർച്ചയുണ്ടായത്. പാലുൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായ ഗോയൽ മിൽക്ക് പ്ലാന്റിന്റെ ശീതീകരണ സംവിധാനത്തിലാണ് വാതക ചോർച്ചയുണ്ടായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചോർച്ചയുണ്ടായ സ്ഥലത്തിന് 300 മീറ്റർ ചുറ്റളവിൽ ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ നീലനിറമായതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഉറപ്പുനൽകുകയും ചെയ്തു.