പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനോട് അനുബന്ധിച്ച് അഭിനന്ദനവുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. മൻ കി ബാത്ത് ശുചിത്വം, ആരോഗ്യം, സാമ്പത്തിക വികസനം എന്നിവയിലെ സാമൂഹിക പരിഷ്‌കാരങ്ങളെ ഉത്തേജിപ്പിച്ചതായി ബിൽ ഗേറ്റ്സ് ട്വീറ്റിൽ പറഞ്ഞു.
“ശുചിത്വം, ആരോഗ്യം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകിയുള്ള പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് മൻ കി ബാത്ത് ഉത്തേജനം നൽകിയിട്ടുണ്ട്. 100-ാം എപ്പിസോഡിന് അഭിനന്ദനങ്ങൾ,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി രാജ്യത്തെ സാമൂഹിക വികസനത്തെക്കുറിച്ച് സംസാരിക്കുകയും ദേശീയ പ്രാധാന്യമുള്ള സംരംഭങ്ങൾ പലപ്പോഴും ഉയർത്തിക്കാട്ടുകയും ചെയ്യുന്ന റേഡിയോ ഷോയുടെ നൂറാം എപ്പിസോഡ് ഏപ്രിൽ 30 ന് സംപ്രേക്ഷണം ചെയ്യും. 2014 ഒക്ടോബർ മൂന്ന് മുതലാണ് മൻ കി ബാത്ത് പ്രക്ഷേപണം ആരംഭിച്ചത്.
സ്വകാര്യ എഫ്എം സ്റ്റേഷനുകൾ, കമ്മ്യൂണിറ്റി റേഡിയോകൾ, വിവിധ ടിവി ചാനലുകൾ എന്നിവയുൾപ്പെടെ 1000-ലധികം റേഡിയോ സ്റ്റേഷനുകളിൽ നൂറാമത് ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
രാജ്യത്തുടനീളമുള്ള ബി.ജെ.പി പ്രവർത്തകർ പ്രധാനമന്ത്രിയുടെ പ്രഭാഷണം കേൾപ്പിക്കാൻ നാല് ലക്ഷത്തോളം സ്ഥലങ്ങളിൽ ക്രമീകരണങ്ങൾ നടത്തുകയും അത് “ചരിത്രപരമായ” വിജയമാക്കാനുള്ള മുഴുവൻ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നൂറാമത് ‘മൻ കി ബാത്ത്’ യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
“പ്രധാനമന്ത്രി മോദിയുടെ “മൻ കി ബാത്തിന്റെ” 100-ാം എപ്പിസോഡ് ഏപ്രിൽ 30-ന് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തുള്ള ട്രസ്റ്റിഷിപ്പ് കൗൺസിൽ ചേമ്പറിൽ തത്സമയം പ്രക്ഷേപണം ചെയ്യുമ്പോൾ അത് ഒരു ചരിത്ര നിമിഷമായി മാറും!” യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ട്വീറ്റ് ചെയ്തു.