തമിഴ്നാട് – ശ്രീലങ്ക കപ്പൽ സർവീസ് വീണ്ടും പുനരാരംഭിക്കുന്നു. മെയ് 13 മുതൽ കപ്പൽ സർവീസ് തുടങ്ങും. തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കാണ് സർവീസ് നടത്തുന്നത്. ടിക്കറ്റ് വിൽപന ഇന്നുമുതൽ ആരംഭിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് നാഗപട്ടണം – കാങ്കേശൻതുറ കപ്പൽ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. എച്ച്എസ്‌സി ചെറിയപാണി ആയിരുന്നു സർവീസ് നടത്തിപ്പുകാർ. എന്നാൽ ഒരാഴ്ചക്കുള്ളിൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
മൺസൂൺ ചൂണ്ടിക്കാട്ടിയായിരുന്നു സർവീസ് അവസാനിപ്പിച്ചത്. മൺസൂൺ കഴിഞ്ഞിട്ടും സർവീസ് തുടങ്ങിയതുമില്ല.
മെയ് 13 മുതൽ എല്ലാ ദിവസവും സർവീസ് നടത്താനാണ് തീരുമാനം. sailindri.com എന്ന വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഏകദേശം 4,920 രൂപയാണ് നാഗപട്ടണം – കാങ്കേശൻതുറ കപ്പൽ യാത്രാ ടിക്കറ്റ് നിരക്ക്.
തിരിച്ചുള്ള സർവീസിൻ്റെയും ടിക്കറ്റ് നിരക്ക് ഇതുതന്നെ. യാത്രക്കാർക്ക് 60 കിലോ വരെയുള്ള ബാഗേജ് നിരക്കില്ലാതെ ഒപ്പം കൊണ്ടുപോകാം. യാത്ര ഷെഡ്യൂൾ ചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് വരെ യാത്രാ തീയതിയിൽ മാറ്റം വരുത്താനും റീഫണ്ടോടുകൂടിയുള്ള കാൻസലേഷനും സൗകര്യമുണ്ട്.