സിംഗപ്പൂർ: കഞ്ചാവ് കടത്ത് കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനെ സിംഗപ്പൂർ തൂക്കിലേറ്റി. തങ്കരാജു സുപ്പയ്യ (46) എന്നയാളെയാണ് തൂക്കിലേറ്റിയത്. സിംഗപ്പൂരിലേക്ക് ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്.
2014ലാണ് കഞ്ചാവ് കടത്തിയതിന് തങ്കരാജു സുപ്പയ്യ സിംഗപ്പൂരിൽ പിടിയിലാകുന്നത്. 2018 ഒക്ടോബർ 9 ന് ആണ് തങ്കരാജു സുപ്പയ്യയെ വധശിക്ഷയ്ക്ക് വിധിച്ചത്. തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ സംഘടന രംഗത്തെത്തിയിരുന്നു. ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസനും നിരവധി രാജ്യങ്ങളും വധശിക്ഷയെ എതിർത്തിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ നോർവേ, സ്വിറ്റ്സർലൻഡും സംയുക്തമായി തിങ്കളാഴ്ച പുറപ്പെടുവിച്ച യൂറോപ്യൻ യൂണിയൻ പ്രസ്തവാനയിൽ തങ്കരാജുവിന്റെ വിധശിക്ഷ നിർത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും സിംഗപ്പൂർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സിംഗപ്പൂരിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ് വധശിക്ഷയെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിംഗപ്പൂരിനെ സുരക്ഷിതമായി നിർത്തുന്നതിൽ ഇത് ഫലപ്രദമാണ്. ഇത് കർശനമായ സുരക്ഷകളോടെ പ്രായോഗികമാക്കുന്നുവെന്നും സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം വിശദമാക്കിയിരുന്നു.