വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് നേടിയ ചിത്രം എഐ സൃഷ്ടി.

0
50

സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട തന്റെ ചിത്രം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിയാണെന്ന വെളിപ്പെടുത്തലുമായി ജർമ്മൻ കലാകാരനായ ബോറിസ് എൽഡാഗ്‌സെൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിയായതിനാൽ തന്റെ ചിത്രത്തെ ഫോട്ടോഗ്രഫി മത്സരത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ല എന്ന് വെളിപ്പെടുത്തിക്കൊണ്ട് സരോജിനി നായിഡു സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഫൈൻ ആർട്ട് പൂർവ വിദ്യാർത്ഥികൂടിയായ ബോറിസ് എൽഡാഗ്‌സെൻ അവാർഡ് നിരസിച്ചു. കഴിഞ്ഞ ആഴ്‌ച പുറത്തുവിട്ട സോണി വേൾഡ് ഫോട്ടോഗ്രാഫി  2023  അവാർഡിൽ ആണ് ‘സ്യൂഡോംനേഷ്യ: ദി ഇലക്ട്രീഷ്യൻ’ എന്ന അദ്ദേഹത്തിന്റെ ചിത്രം ക്രിയേറ്റീവ് ഓപ്പൺ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായത്.

ഇതിനെ തുടർന്നാണ് പുരസ്കാരത്തിന് തന്റെ ചിത്രം തിര‍ഞ്ഞെടുത്ത വിധികർത്താക്കൾക്ക് നന്ദി പറ‍ഞ്ഞു കൊണ്ട് ബോറിസ് എൽഡാഗ്‌സെൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ വെബ്സൈറ്റിലൂടെ പുറത്ത് വിട്ട ഒരു പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറ‍ഞ്ഞത്. ഇത് ഒരു എഐ ജനറേറ്റഡ് ചിത്രമാണെന്ന് ആർക്കെങ്കിലും മനസ്സിലായോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

എ ഐ ചിത്രങ്ങളും ഫോട്ടോഗ്രാഫിയും ഇതുപോലുള്ള ഒരു അവാർഡിൽ പരസ്പരം മത്സരിക്കരുത്. അവ വ്യത്യസ്ത ആശയങ്ങളാണ്. എഐ ഫോട്ടോഗ്രാഫി ആയി പരിഗണിക്കാനാകില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്രിമമായി നിർമ്മിച്ചതാണ് അത്. അതുകൊണ്ട് ഞാൻ അവാർഡ് സ്വീകരിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഫോട്ടോലോകത്തിന് ഒരു തുറന്ന ചർച്ച ആവശ്യമാണന്നും, ഫോട്ടോഗ്രാഫിയെക്കുറിച്ച് എന്താണ് പരിഗണിക്കേണ്ടത്, എന്തല്ല എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ച വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താൻ ഈ അവാർഡ് നിരസിച്ചത് അതിന് ഒരു തുടക്കമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇമേജ് നിർമ്മാണത്തിലേക്കുള്ള വിവിധ പരീക്ഷണാത്മക സമീപനങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഓപ്പൺ കോമ്പറ്റീഷന്റെ ക്രിയേറ്റീവ് വിഭാഗം എന്നും അതുകൊണ്ടാണ് ഈ ചിത്രം പരിഗണിച്ചതെന്നും വേൾഡ് ഫോട്ടോഗ്രാഫി ഓർഗനൈസേഷന്റെ വക്താവ് ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ കുടുതൽ ആഴത്തിലുള്ള ചർച്ച ഉണ്ടാകാൻ തങ്ങളും ആഗ്രഹിക്കുന്നതായി അവർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here