വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ്; നിര്‍മാണോദ്ഘാടനം 25ന് നടന്നേക്കും.

0
54

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന്റെ നിര്‍മാണോദ്ഘാടനം 25നു നടന്നേക്കും.

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ചേക്കും. ഇതോടൊപ്പം ദേശീയപാത 66ന്റെ ഭാഗമായ മുക്കോല – -കാരോട് ബൈപാസും തുറന്നുകൊടുക്കും. നാവായിക്കുളംമുതല്‍ വിഴിഞ്ഞംവരെ 80 കിലോമീറ്ററില്‍ ദേശീയപാത അതോറിറ്റി മുഖേന നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ്.

ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം സംസ്ഥാനവും 50 ശതമാനം ദേശീയപാതാ അതോറിറ്റിയുമാണ് വഹിക്കുക. 24 വില്ലേജുകളിലൂടെയാകും പാത കടന്നുപോകുക. ഇതില്‍ വാമനപുരം ഒഴികെയുള്ള വില്ലേജുകളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 3 ജി വിജ്ഞാപനം 30നു പുറത്തിറങ്ങിയേക്കും. ജൂണ്‍മുതല്‍ നഷ്ടപരിഹാരത്തുക നല്‍കുമെന്നാണ്‌ അധികൃതര്‍ പറയുന്നത്.

പിന്നാലെ ഭൂമിയേറ്റെടുക്കും. ആദ്യഘട്ടത്തില്‍ ഏഴ് വില്ലേജില്‍നിന്നും 75 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുക. റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഈമാസം 20 വരെ ടെന്‍ഡര്‍ തീയതി നീട്ടി. നാവായിക്കുളംമുതല്‍ തേക്കട (29.25 കിലോ മീറ്റര്‍) വരെയും തേക്കടയില്‍നിന്ന് വിഴിഞ്ഞം (33.40 കിലോ മീറ്റര്‍) വരെയും രണ്ട് റീച്ചായി തിരിച്ചാണ് റോഡ് നിര്‍മാണം. ആദ്യ റീച്ചിന് 1478.31 കോടിയും രണ്ടാമത്തേതിന് 1489.15 കോടിയും നിര്‍മാണച്ചെലവ് നിശ്ചയിച്ചാണ്‌ ടെന്‍ഡര്‍ വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here