തിരുവനന്തപുരം: വിനോദയാത്ര സംഘടിപ്പിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനുമായി (ഐആര്‍സിടിസി) കൈകോര്‍ക്കാന്‍ കെഎസ്‌ആര്‍ടിസി.
ഇതിനുള്ള പ്രാരംഭചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഐആര്‍സിടിസിയുടെ പാക്കേജുകള്‍ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍വഴി ബുക്കുചെയ്യാം. ഇതിലൂടെ പാക്കേജില്‍ നിശ്‌ചിതശതമാനം തുകയുടെ കുറവ് യാത്രക്കാര്‍ക്ക് ലഭിക്കും.
കെഎസ്‌ആര്‍ടിസിക്ക് കമീഷനും. ഐആര്‍സിടിസിക്ക് സെക്കന്‍ഡ്, എസി ക്ലാസ് നിരക്കാണ് നിലവിലുള്ളത്. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഓഫീസ്. കെഎസ്‌ആര്‍ടിസി നിര്‍ദേശിക്കുന്ന സ്‌റ്റേഷനില്‍നിന്ന് യാത്ര തുടങ്ങാമെന്നത് യാത്രികര്‍ക്ക് ഗുണമാകും. ഉല റെയിലും താല്‍പ്പര്യമറിയിച്ചിട്ടുണ്ട്.
കെഎസ്‌ആര്‍ടിസിയുടെ ‘ബജറ്റ് ടൂറിസം’ വിജയമായതോടെയാണ് സഹകരണത്തിന് ഐആര്‍സിടിസി എത്തിയത്. 25 ഡിപ്പോയില്‍നിന്ന് കെഎസ്‌ആര്‍ടിസി വിനോദയാത്ര സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍മാത്രം പത്ത് ഡിപ്പോയില്‍നിന്നാണ് അവധിക്കാലത്ത് യാത്ര. മിക്ക പാക്കേജുകളിലും ദിവസങ്ങള്‍ക്കകം ബുക്കിങ് പൂര്‍ത്തിയാകുന്നുണ്ട്.