റായ്പൂര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്ര കിണര്‍ തകര്‍ന്ന് വീണ സംഭവത്തില്‍ മരണസംഖ്യ 35 ആയി. രാമനവമിയോനുബന്ധിച്ച് ഇന്‍ഡോറിലെ പട്ടേല്‍ നഗര്‍ പ്രദേശത്തുള്ള ബെലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തില്‍ നൂറിലധികം ഭക്തര്‍ പ്രാര്‍ത്ഥന നടത്തുമ്പോഴായിരുന്നു അപകടം.
50 അടി താഴ്ചയുള്ളതായി പറയപ്പെടുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കിണറിന്റെ മൂടിയ തറ
തകര്‍ന്നായിരുന്നു അപകടം.
അപകത്തില്‍ ഇതുവരെ 35 മൃതദേഹങ്ങള്‍കണ്ടെടുത്തതായി ജില്ലാ കലക്ടര്‍ ഡോ.ഇളയരാജ ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ദുരിതാശ്വസതുക പ്രഖ്യാപിച്ചു.
ഇന്‍ഡോറിലെ പട്ടേല്‍ നഗര്‍ മേഖലയിലുള്ള ശിവക്ഷേത്രത്തില്‍ ഇന്നലെ ഉച്ചയ്ക്ക് മുമ്ബാണ് അപകടം ഉണ്ടായത്. കിണറിന് മുകളില്‍ നിരവധി പേര്‍ തടിച്ചുകൂടുകയായിരുന്നു. ഭാരം താങ്ങാനാകാതെയാണ് കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണത്. അഗ്നിശമനസേനാ ഉദ്യോഗസ്ഥരും പൊലീസും ദുരന്തനിവാരണസേനയും അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തം നടന്ന പട്ടേല്‍ നഗറിലെ ബെലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രം ഏകദേശം നാല് പതിറ്റാണ്ട് മുമ്ബ് കിണര്‍ മൂടി നിര്‍മ്മിച്ചതാണ്.
“അപകടത്തില്‍ ഇന്നലെ10 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താനായതായി മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഒന്‍പത് പേര്‍ ജീവനോടെ കിണറില്‍ തുടരുന്നുണ്ട്. ഈ ഒന്‍പത് പേരെ രക്ഷിക്കാനാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാവരേയും രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉണ്ടായിട്ടില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.
” സംഭവസ്ഥലത്തുള്ള കലക്ടറുമായി സംസാരിച്ചെന്നും വിവരങ്ങള്‍ തേടിയെന്നും ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. കിണറിനുള്ളില്‍ ഇരുട്ടാണ്, ഓക്സിജന്റെ കുറവുമുണ്ട്, വെള്ളം മലിനമാണ്. ഓക്സിജനും വെളിച്ചവും നല്‍കിയിട്ടുള്ളതിനാല്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭയം തോന്നില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.