മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഒരുതരത്തിലുള്ള ഇളവുകളും നല്‍കാനാവില്ലെന്ന് ബോംബെ ഹൈകോടതി.
2023 ജനുവരിയിലെ സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് മമതാ ബാനര്‍ജി സമര്‍പ്പിച്ച അപേക്ഷ ജസ്റ്റിസ് അമിത് ബോര്‍ക്കറുടെ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.
അതേസമയം, സെഷന്‍സ് കോടതി ഉത്തരവില്‍ ചില അവ്യക്തതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ ഹൈകോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും വിശദമാക്കി. മുംബൈയില്‍ വെച്ചു നടന്ന പൊതുപരിപാടിക്കിടെ ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ വിവേകാനന്ദ ഗുപ്തയാണ് മമതക്കെതിരെ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി മമതക്കെതിരെ സമന്‍സയച്ചു. ഇതിനെതിരെ മമത പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
മഹാരാഷ്‌ട്രയില്‍ തൃണമൂലിന്റെ പരിപാടിക്കിടെയാണ് മമത സ്വന്തം രീതിയില്‍ ദേശീയ ഗാനം ആലപിച്ചത്. ദേശീയഗാനമെന്ന് പറഞ്ഞതോടെ എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റതോടെ മമത സ്വന്തം നിലയില്‍ ദേശീയഗാനത്തിന്റെ വരികള്‍ അതിവേഗം ചൊല്ലാന്‍ തുടങ്ങി. സാമാന്യമായ ഈണമോ രീതികളോ നോക്കാതെ വിചിത്രമായ രീതിയില്‍ ചൊല്ലുകയായിരുന്നു.
മുഴുവന്‍ വരികളും ചൊല്ലാതെ ഉടനിരിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ വൈറലായി. ബി.ജെ.പി മുംബൈ യൂനിറ്റ് പ്രവര്‍ത്തകനായ വിവേകാനന്ദ ഗുപ്തയാണ് മെട്രോപോളീറ്റന്‍ മജിസ്‌ട്രേറ്റ് മുമ്ബാകെ പരാതി നല്‍കിയത്.
2021 മാര്‍ച്ച് രണ്ടിനാണ് മമതാ ബാനര്‍ജി മഹാരാഷ്‌ട്രയില്‍ തൃണമൂല്‍ പാര്‍ട്ടിപരിപാടി കള്‍ക്കായി എത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലാണ് മമത ബാനര്‍ജി ഔദ്യോഗിക പ്രോട്ടോക്കോള്‍ സ്വീകരിച്ച് മറ്റൊരു സംസ്ഥാനത്ത് എത്തിയത്. എന്നതിനാല്‍ തന്നെ ദേശീയഗാനത്തോടുള്ള അവഹേളനം ഗൗരവമുള്ളതാണെന്നും കോടതി വിലയിരുത്തി.