തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍സിസി പ്രവര്‍ത്തനങ്ങള്‍ക്കായി ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നു.
മന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മ്മം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം കോട്ടണ്‍ഹില്ലില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷനായിരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 7.36 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ആസ്ഥാനമന്ദിരം പണിയുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പൈതൃകമന്ദിരത്തിന്റെ മാതൃകയില്‍ പൊതുമരാമത്ത് വകുപ്പാണ് മന്ദിരം രൂപകല്പന ചെയ്യുന്നത്.
1962 മുതല്‍ കോട്ടണ്‍ഹില്‍ ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചു വരുന്ന നിലവിലെ ആസ്ഥാന മന്ദിരം എന്‍സിസി മ്യൂസിയമായും കേഡറ്റുകളുടെ മോട്ടിവേഷന്‍ ഹാളായും കോണ്‍ഫ്രന്‍സ് ഹാളായും ഉപയോഗിച്ചുകൊണ്ട് പുരാവസ്തു പ്രാധാന്യം നിലനിര്‍ത്തി സംരക്ഷിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കേഡറ്റുകള്‍ രൂപകല്പന ചെയ്ത എയ്‌റോ മോഡലുകളും ഷിപ്പ് മോഡലുകളും എന്‍സിസിയുടെ മറ്റു പരിശീലന സാമഗ്രികളും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കണ്ട് മനസ്സിലാക്കാന്‍ സൗകര്യമൊരുക്കും. കോട്ടണ്‍ ഹില്‍ ബംഗ്ലാവിന്റെ ചരിത്രം അറിയാനും ഇതുവഴി അവസരമൊരുങ്ങുമെന്നും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്ത് എന്‍സി സി നടപ്പിലാക്കിയ വിവിധ പദ്ധതികളെ ക്കുറിച്ചുള്ള ലഘുലേഖയും ശിലാസ്ഥാപന ചടങ്ങില്‍ പ്രകാശനം ചെയ്യും. പരിപാടിയില്‍ ഡോ. ശശി തരൂര്‍ എം പി, മേയര്‍ ആര്യ രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിക്കും.