കോഹ്‍ലിപ്പടക്ക് ചിറകുവിരിച്ച്‌ ഖത്തര്‍ എയര്‍വേസ്.

0
77

ദോഹ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച്‌ ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍ കമ്ബനിയായ ഖത്തര്‍ എയര്‍വേസ്.

മാര്‍ച്ച്‌ 31ന് ആരംഭിക്കാനിരിക്കുന്ന ഐ.പി.എല്‍ 16ാം സീസണില്‍ ഖത്തര്‍ എയര്‍വേസ് എന്ന ബ്രാന്‍ഡിലായിരിക്കും വിരാട് കോഹ്‍ലിയുടെ ആര്‍.സി.ബി കളത്തിലിറങ്ങുന്നത്. ഇതാദ്യമായാണ് ഖത്തര്‍ എയര്‍വേസ് ഇന്ത്യന്‍ സ്പോര്‍ട്സില്‍ ഒരു കൈനോക്കാന്‍ ഇറങ്ങുന്നത്. പുതിയ സീസണില്‍ ആര്‍.സി.ബിയുടെ മെയിന്‍ പ്രിന്‍സിപ്പല്‍ പാര്‍ട്ണറായാണ് ഖത്തര്‍ എയര്‍വേസ് സ്പോണ്‍സര്‍ഷിപ് കരാറില്‍ ഒപ്പുവെച്ചത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ 20,000ത്തോളം കാണികള്‍ നിറഞ്ഞ ചടങ്ങില്‍ വിരാട് കോഹ്‍ലി, ക്യാപ്റ്റന്‍ ഫാഫ്ഡു പ്ലെസിസ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ചേര്‍ന്ന് ‘ഖത്തര്‍ എയര്‍വേസ്’ എന്ന് മുദ്രണംചെയ്ത ആര്‍.സി.ബിയുടെ പുതിയ ജഴ്സി പുറത്തിറക്കി. ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ പദവിക്കൊപ്പം ഐ.പി.എല്‍ ആരാധകര്‍ക്ക് സ്‍പെഷല്‍ പാക്കേജുകളും ഖത്തര്‍ എയര്‍വേസ് അവതരിപ്പിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്സിന് കീഴില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഐ.പി.എല്‍ മാച്ച്‌ ടിക്കറ്റ് ലഭ്യമാക്കുന്ന പാക്കേജുകളും പ്രഖ്യാപിച്ചു. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഖത്തര്‍ എയര്‍വേസ് ഹോസ്പിറ്റാലിറ്റി ലോഞ്ചും തയാറാണ്. പാക്കേജിന്റെ ഭാഗമായി എത്തുന്ന ആരാധകര്‍ക്ക് ടീമിന്റെ പരിശീലന സെഷന്‍ കാണാനും കളിക്കാരുടെ ഓട്ടോഗ്രാഫ്, ഇതിഹാസ താരങ്ങളുമായി കൂടിക്കാഴ്ച, വിരാട് കോഹ്‍ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം ചിത്രം പകര്‍ത്താന്‍ അവസരം എന്നിവക്ക് അവസരമൊരുങ്ങും. ഖത്തര്‍ എയര്‍വേസില്‍ റിട്ടേണ്‍ വിമാന ടിക്കറ്റ് ഉള്‍പ്പെടെയാണ് ആര്‍.സി.ബി ഫാന്‍ പാക്കേജ്. പ്രീമിയ ഹോട്ടല്‍ താമസം, മാച്ച്‌ ടിക്കറ്റ് എന്നിവയും ആരാധകര്‍ക്ക് ഉറപ്പുനല്‍കുന്നു. ഖത്തര്‍ എയര്‍വേസ് വെബ്സൈറ്റില്‍ ആര്‍.സി.ബി ലിങ്ക് വഴി ഫാന്‍ പാക്കേജ് ടിക്കറ്റുകള്‍ സ്വന്തമാക്കാവുന്നതാണ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തരായ ആര്‍.സി.ബിക്കൊപ്പം ഖത്തര്‍ എയര്‍വേസ് പുതുയാത്ര ആരംഭിക്കുകയാണെന്ന് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. മികച്ച ആരാധകപിന്തുണയും ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ഉള്‍പ്പെടെ വന്‍ താരനിരയുമുള്ള ടീമാണ് ആര്‍.സി.ബി. ലോകവ്യാപകമായി ആരാധകരുള്ള കായികയിനം എന്നനിലയില്‍ വിവിധ പശ്ചാത്തലത്തിലുള്ള ആസ്വാദകരെ ക്രിക്കറ്റ് ഒന്നിപ്പിക്കുന്നു. ആ ആവേശത്തിനൊപ്പം സീസണ്‍ ആദ്യം മുതല്‍ അവസാനം വരെ ഖത്തര്‍ എയര്‍വേസ് ചേരുകയാണ്. ലോകോത്തര ക്രിക്കറ്റും വിനോദവും ആരാധകര്‍ക്ക് ഉറപ്പുനല്‍കുന്നതാണ് ഈ പങ്കാളിത്തം -അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ഫിഫ, ഫ്രഞ്ച് ഫുട്ബാള്‍ ക്ലബായ പി.എസ്.ജി, ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് എഫ്.സി, കോണ്‍കകാഫ്, ഫോര്‍മുല വണ്‍, അയേണ്‍ മാന്‍ ട്രയാത്‍ലണ്‍, യുനൈറ്റഡ് റഗ്ബി ചാമ്ബ്യന്‍ഷിപ് തുടങ്ങിയ കായിക ഇനങ്ങളുടെ ഭാഗമായി ഖത്തര്‍ എയര്‍വേസ് ആദ്യമായാണ് ക്രിക്കറ്റ് കളത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here