ഔദ്യോഗിക വസതി ഒഴിയാൻ രാഹുലിന് നോട്ടീസ്

0
72

എംപിയെന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. ഏപ്രിൽ 22-നകം ലുട്ടിയൻസ് ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ രാഹുലിനോട് ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2004ൽ ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് രാഹുൽ ഗാന്ധിക്ക് 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് അനുവദിച്ചത്.

2019ൽ കർണാടകയിൽ “എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്” എന്ന വിവാദ പരാമർശത്തിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചതിനെ തുടർന്ന് രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ധാക്കിയിരുന്നു.അടിയന്തര ജാമ്യം നൽകിയ കോടതി മുൻ കോൺഗ്രസ് അധ്യക്ഷന് മേൽ കോടതിയിൽ അപ്പീൽ നൽകാൻ 30 ദിവസത്തെ സമയം അനുവദിച്ചു. എന്നാൽ ഹൈക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കിൽ എട്ട് വർഷത്തേക്ക് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

നിയമം അനുസരിച്ച്, അയോഗ്യനാക്കുന്നതിനുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അദ്ദേഹം തന്റെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം. അതേസമയം രാഹുലിന്റെ ശിക്ഷയ്‌ക്കെതിരെയും അയോഗ്യതയ്‌ക്കെതിരെയും രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്ന് കോൺഗ്രസ് പാർട്ടി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here