കേരളത്തിലെ ആദ്യ വനിതാ സ്രാങ്ക് ആരാണ് എന്നു ചോദിച്ചാൽ എസ്. സന്ധ്യയാണ് എന്ന് അറിയാത്ത ആളുകൾ കുറവായിരിക്കും കാരണം ചെറുതല്ല ഈ നേട്ടം. കേരളത്തിലെ ആദ്യത്തെ വനിതാ സ്രാങ്കാണ് പെരുമ്പളം തുരുത്തേൽ എസ്. സന്ധ്യ(44). നേരത്തെ തന്നെ നിരവധിപേർ സന്ധ്യയെ അഭിനന്ദിച്ചിരുന്നുവെങ്കിലും ഇപ്പോൾ സന്ധ്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരിക്കികയാണ്. ‘സ്ത്രീശക്തിക്കു സല്യൂട്ട്. വെള്ളത്തിലും കരയിലും ആകാശത്തും സ്ത്രീകളുടെ പുതിയ നേട്ടങ്ങൾ ഒരുവികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നാഴികക്കല്ലുകളായി മാറും’- എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
കേന്ദ്രമന്ത്രി വി. മുരളീധരനും ട്വിറ്ററിലൂടെ സന്ധ്യയെ അഭിനന്ദിച്ചു. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള പരീക്ഷയിലാണ് സന്ധ്യ ജയിച്ചത്. ആലപ്പുഴ പോർട്ടിൽനിന്നാണ് സർട്ടിഫിക്കറ്റ് നേടിയത്. ബാർജ്, മീൻപിടിത്ത ബോട്ട് തുടങ്ങിയവയിൽ ജോലിചെയ്യുന്നതിന് കെ.ഐ.വി. സ്രാങ്ക് ലൈസൻസ് ഉള്ളവർക്കേ അനുവാദമുള്ളൂ. എറണാകുളം തേവര, നെട്ടൂർഭാഗത്തും ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗത്തും സന്ധ്യ ഹൗസ് ബോട്ട് ഉൾപ്പെടെ ഓടിച്ചു പരിചയിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ വനിതാ ബോട്ട് മാസ്റ്റർ എന്ന പദവി കരസ്ഥമാക്കി ആളാണ് പെരുമ്പളം തുരുത്തേൽ എസ്. സന്ധ്യ. കേരള ഇൻലാൻഡ് വെസ്സൽ റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്റ്റിലാണ് സന്ധ്യ വിജയിയായത്. ലാസ്കർ ലൈസൻസോടെ കുറഞ്ഞത് രണ്ട് വർഷം ബോട്ടിൽ ജോലി ചെയ്തിട്ടുള്ളവർക്ക് സ്രാങ്ക് പരീക്ഷക്ക് അപേക്ഷിക്കാം. അഞ്ച് ദിവസത്തെ ക്ലാസ്സിന് ശേഷം ബോട്ടിൽ നടത്തുന്ന ട്രയൽ പാസ്സാകുന്നവർക്ക് മാത്രം നടത്തുന്ന എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് ലൈസൻസ് ലഭിക്കുക.