യുഎസിലെ മിസിസിപ്പിയില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 25 പേര്‍ മരിച്ചു. അലബാമയിലെ മോര്‍ഗന്‍ കൗണ്ടിയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. നൂറുകണക്കിന് ആളുകള്‍ ഭവനരഹിതരായി. വെള്ളിയാഴ്ച രാത്രി ഇടിമിന്നലിനൊപ്പം വീശിയ ശക്തമായ ചുഴലിക്കാറ്റ് ഒരു മണിക്കൂറിലധികം നാശം വിതച്ചിരുന്നു.
മിസിസിപ്പി ഡെല്‍റ്റ പട്ടണമായ റോളിംഗ് ഫോര്‍ക്കില്‍, ചുഴലിക്കാറ്റ് ഒരു വാട്ടര്‍ ടവര്‍ തകര്‍ത്തു. ജനങ്ങള്‍ ബാത്ത് ടബ്ബുകളിലും ഇടനാഴികളിലും പതുങ്ങിയിരുന്നാണ് രക്ഷപ്പെട്ടത്. ‘ഇനി ഒന്നും ബാക്കിയില്ല,” തന്റെ ചെറുമകളെ പിടിച്ചിരുന്ന വണ്ടര്‍ ബോള്‍ഡന്‍ എന്ന താമസക്കാരി പറഞ്ഞു.
ചുഴലിക്കാറ്റ് ഏകദേശം ഒരു മണിക്കൂറോളം കരയില്‍ തങ്ങിയെന്ന് മിസിസിപ്പിയിലെ ജാക്സണിലെ നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകനായ നിക്കോളാസ് പ്രൈസ് റോയിട്ടേഴ്സിനോട് പറഞ്ഞു. ചുഴലിക്കാറ്റ് റോളിംഗ് ഫോര്‍ക്കിലേക്ക് അടുക്കുന്നത് കണ്ട മൈക്കല്‍ സെര്‍സി എന്നയാള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ ആളുകളെ രക്ഷിക്കാന്‍ മണിക്കൂറുകളോളം ശ്രമിച്ചു.
”ഒരു വാഹനത്തില്‍ നിന്ന് അടുത്ത വാഹനത്തിലേക്കോ കെട്ടിടത്തില്‍ നിന്ന് കെട്ടിടത്തിലേക്കോ പോകുമ്പോള്‍ ഞങ്ങള്‍ക്ക് നിലവിളി കേള്‍ക്കാമായിരുന്നു, സഹായത്തിനായുള്ള നിലവിളി ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ കണ്ടെത്തി പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.’, മൈക്കല്‍ പറഞ്ഞു.
‘ശുചിമുറിയില്‍ അഭയം പ്രാപിച്ച് ഒരു കുടുംബത്തിലെ അംഗങ്ങള്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ശക്തമായ കാറ്റ് വീശിയതോടെ വീടിന് മുകളില്‍ ഒരു വാന്‍ ഇടിച്ചു. ഇതോടെ വീടിന്റെ ബാക്കി ഭാഗങ്ങള്‍ തകര്‍ന്നു വീണു. എന്നാല്‍ ജാഗ്രത കാട്ടിയത് ജീവന്‍ രക്ഷിച്ചു’, സെര്‍സി പറഞ്ഞു.