സിസിഎല്ലില്‍ വിജയ കിരീടം ചൂടി തെലുങ്ക് വാരിയേഴ്സ്;

0
84

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വിജയ കിരീടം ചൂടി തെലുങ്ക് താരങ്ങളുടെ ക്ലബ്ബ് ആയ തെലുങ്ക് വാരിയേഴ്സ്. വിശാഖപട്ടണത്ത് വച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സ് ടീമിനെയാണ് തെലുങ്ക് താരങ്ങള്‍ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സില്‍ 32 ബോളില്‍ 67 റണ്‍സ് എടുത്ത അഖില്‍ അക്കിനേനിയാണ് തെലുങ്കിനെ അനായാസം വിജയ തീരത്തേക്ക് നയിച്ചത്. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരവും അദ്ദേഹത്തിനാണ് ലഭിച്ചത്. സിസിഎല്‍ ചരിത്രത്തില്‍ ഇത് തെലുങ്ക് വാരിയേഴ്സിന്‍റെ നാലാമത്തെ കിരീടമാണ്.

ടോസ് നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖില്‍ അക്കിനേനി ബോളിംഗ് ആണ് തെരഞ്ഞെടുത്തത്. നാല് ഇന്നിംഗ്സുകളുള്ള മത്സരം എപ്പോള്‍ വേണമെങ്കിലും തിരിയാമെന്നും ചേസ് ചെയ്യുന്നതാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നുമാണ് തീരുമാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇത് ശരിവച്ചുകൊണ്ടായിരുന്നു തെലുങ്ക് വാരിയേഴ്സിന്‍റെ കളിയും. മഴ തടസ്സപ്പെടുത്തിയ ആദ്യ ഇന്നിംഗ്സില്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് ആണ് ഭോജ്പുരി ദബാംഗ്സ് നേടിയത്. 15 ബോളില്‍ 26 റണ്‍സ് നേടിയ ആദിത്യ ഓഝയ്ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ തെലുങ്ക് വാരിയേഴ്സ് അഖില്‍ അക്കിനേനിയുടെ വെട്ടിക്കെട്ട് ബാറ്റിംഗിന്‍റെ പിന്തുണയോടെ 10 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ തങ്ങളാല്‍ ആവുന്ന ലീഡ് പിടിക്കാന്‍ ആഞ്ഞ് പരിശ്രമിച്ച ഭോജ്പുരിക്കുവേണ്ടി ഉദയ് തിവാരി 18 ബോളില്‍ 34 റണ്‍സും ആദിത്യ ഓഝ 13 ബോളില്‍ 31 റണ്‍സും നേടി. എന്നാല്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സ് നേടാനേ അവര്‍ക്ക് ആയുള്ളൂ. ആദ്യ ഇന്നിംഗ്സില്‍ നേടിയ ലീഡ് തെലുങ്ക് വാരിയേഴ്സിന് മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ തുണയായി. സിസിഎല്‍ 2023 എഡിഷന്‍റെ ഫൈനലിലെ വിജയത്തിന് അവസാന 60 ബോളില്‍ 58 റണ്‍സ് മാത്രം മതിയായിരുന്നു അവര്‍ക്ക്. വെറും 6.2 ഓവറില്‍ തന്നെ അവര്‍ ലക്ഷ്യം കണ്ടു. 9 വിക്കറ്റുകള്‍ക്കാണ് തെലുങ്ക് വാരിയേഴ്സിന്‍റെ ഫൈനല്‍ വിജയം. 21 ബോളില്‍ 31 റണ്‍സ് നേടിയ അശ്വിന്‍ ആണ് അവസാന ഇന്നിംഗ്സില്‍ തെലുങ്ക് വാരിയേഴ്സ് നിരയിലെ ടോപ്പ് സ്കോറര്‍.

LEAVE A REPLY

Please enter your comment!
Please enter your name here