കൊച്ചി: ആവശ്യക്കാർക്കിടയിൽ ‘സ്‌നോബോള്‍’ എന്ന കോഡിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതി കൊച്ചിയില്‍ പിടിയിൽ. മോഡലിങ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി നടുവിലപ്പറമ്പില്‍ വീട്ടില്‍, റോസ് ഹെമ്മ (ഷെറിന്‍ ചാരു-29) യാണ് എന്‍ഫോഴ്‌സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. ടെനിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ പിടിയിലായത്. വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്തു നില്‍ക്കുന്നതിനിടെയായിരുന്നു പിടിയിലായത്.
റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ റോസ് ഹെമ്മ. ഇവരില്‍ നിന്ന് 1.9 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സജീവ് കുമാര്‍,ഇന്‍സ്‌പെക്ടര്‍ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ ടി.എന്‍. അജയ കുമാര്‍, സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ. എന്‍.ഡി. ടോമി, സി.ഇ.ഒ. ഹര്‍ഷകുമാര്‍, എന്‍.യു. അനസ്, എസ്. നിഷ, പി. അനിമോള്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.