ഏഷ്യാ കപ്പിന് പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചേക്കും; ഇന്ത്യയുടെ മത്സരങ്ങൾ പുറത്ത് നടത്തുമെന്ന് റിപ്പോര്‍ട്ട്

0
61

ഏഷ്യാ കപ്പ് 2023 നെ ചൊല്ലിയുള്ള അനിശ്ചിതത്വത്തിന് ഉടൻ വിരാമമായേക്കും. ചാമ്പ്യൻഷിപ്പിന് പാകിസ്ഥാൻ വേദിയാകും. എന്നാൽ  ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്തുനടത്താൻ ധാരണയായെന്ന് റിപ്പോർട്ട്. ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന 50 ഓവർ മത്സരങ്ങളുടെ ടൂര്‍ണമെന്റ് സെപ്റ്റംബറിൽ നടത്താനാണ് തീരുമാനം.

ഏറെ നാളായി തുടരുന്ന തർക്കം അവസാനിപ്പിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും ടൂർണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഏഷ്യാ കപ്പിന് പാകിസ്ഥാൻ തന്നെ ആതിഥേയത്വം വഹിക്കും. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം മറ്റെവിടെയെങ്കിലും നടത്തും.

യുഎഇ, ഒമാൻ, ശ്രീലങ്ക, അല്ലെങ്കിൽ ഇംഗ്ലണ്ട് അടക്കമുള്ള ഇടങ്ങളാണ് ഇന്ത്യയുടെ മത്സരങ്ങൾക്കായി പരിഗണിക്കുന്നതെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനെതിരെ ഉൾ‌പ്പെടെ അഞ്ച് കളികളാണ് ഇന്ത്യക്കുള്ളത്.

ഏഷ്യാകപ്പിന് വേണ്ടി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ടൂർണമെന്റ് മറ്റേതെങ്കിലും നിഷ്പക്ഷ വേദിയിയിൽ നടത്തുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ജയ് ഷാ പറഞ്ഞിരുന്നു.

“2023 ഏഷ്യാ കപ്പ് ഒരു നിഷ്പക്ഷ വേദിയിൽ നടക്കും. പാകിസ്ഥാൻ സന്ദർശിക്കാൻ ഇന്ത്യൻ ടീമിന് അനുമതി നൽകുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് സർക്കാരാണ്, അതിനാൽ ഞങ്ങൾ അതിനെക്കുറിച്ച് പ്രതികരിക്കില്ല, പക്ഷേ 2023 ലെ ഏഷ്യാ കപ്പ് ടൂർണമെന്റ് ഒരു നിഷ്പക്ഷ വേദിയിൽ നടത്താനാണ് തീരുമാനം ”- ഷായെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

സെപ്തംബറിൽ നടക്കുന്ന ഏഷ്യാ കപ്പിൽ കളിക്കാൻ ഇന്ത്യ വരണമെന്ന് പാകിസ്ഥാൻ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പിന് ഇന്ത്യ വരാതിരിക്കുകയും ടൂർണമെന്റ് മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്താൽ, ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് പിസിബി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here