സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷിതാക്കളെ തടയുന്ന ഒരു നിയമമാണ് ഇപ്പോള്‍ ഫ്രാന്‍സ് കൊണ്ടുവന്നിരിക്കുന്നത്. ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയില്‍ പാസാക്കിയ ബില്‍ അനുസരിച്ച്, മാതാപിതാക്കള്‍ തങ്ങളുടെ കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍, കോടതിക്ക് അതില്‍ നിന്ന് അവരെ വിലക്കാന്‍കഴിയും. ഇക്കാര്യത്തിന് അമ്മയും അച്ഛനും ഉത്തരവാദികളും ആയിരിക്കും. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്യണമെങ്കില്‍, അവരുടെ പ്രായവും പക്വതയും അടിസ്ഥാനമാക്കി കുട്ടിയുടെ അനുമതി വാങ്ങേണ്ടിവരും എന്നാണ് മിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്യുന്നതിനോട് രക്ഷിതാക്കളില്‍ ഒരാള്‍ക്ക് വിയോജിപ്പുണ്ടെങ്കിലും ചിത്രം പോസ്റ്റ് ചെയ്യുന്നത് കോടതിക്ക് നിരോധിക്കാം. കുട്ടിയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലാണ് ചിത്രങ്ങളെന്ന് കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ ഫോട്ടോ പോസ്റ്റു ചെയ്യാനുളള അവകാശം നഷ്ടമാകും. ഈ ബില്‍ അനുസരിച്ച്, ഗുരുതരമായ കേസുകളില്‍, ജഡ്ജിക്ക് കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടാനുള്ള കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കാനാകും. കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് അങ്ങേയറ്റം ദോഷകരമാണെന്ന് ജഡ്ജി കണ്ടെത്തിയാല്‍, മേലില്‍ കുട്ടികളുടെ ചിത്രങ്ങള്‍ പങ്കിടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ടാകില്ല.
നിയമത്തിന്റെ ഉദ്ദേശം
ഫോട്ടോകള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നതിന് സമ്മതം നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ സ്വകാര്യത അവകാശങ്ങള്‍ക്ക്, മാതാപിതാക്കളെ ഉത്തരവാദികളാക്കുക എന്നതാണ് ഈ നിയമത്തിന്റെ ഉദ്ദേശം. സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ ചിത്രങ്ങളുപയോഗിച്ച് ഫോളോവേഴ്സ് വര്‍ദ്ധിപ്പിക്കാനും പണം സമ്പാദിക്കാനും ശ്രമിക്കുന്ന മാതാപിതാക്കളെ ശിക്ഷിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ബില്‍ കൊണ്ടുവരുന്ന ആദ്യ രാജ്യമാണ് ഫ്രാന്‍സ്
കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് തടയുന്ന ലോകത്തിലെ ആദ്യത്തെ ബില്ലാണ് ഫ്രാന്‍സിന്റെ ഈ ബില്‍ .ഫ്രഞ്ച് നീക്കത്തെ ചൈല്‍ഡ് സൈക്കോളജിസ്റ്റുകളും സോഷ്യല്‍ മീഡിയ വിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ ബില്‍ കൊണ്ടുവന്ന ഫ്രഞ്ച് പാര്‍ലമെന്റിന്റെ നേതാവ് ബ്രൂണോ സ്റ്റുഡര്‍ പറയുന്നത്, സോഷ്യല്‍ മീഡിയയില്‍ നിഷ്‌കളങ്കമായി ഷെയര്‍ ചെയ്യപ്പെടുന്ന 50% ഫോട്ടോകളും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നയിടങ്ങളില്‍ എത്തുന്നു എന്നാണ്. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കുട്ടികളുടെ ഫോട്ടോകള്‍ കാണാന്‍ കഴിയുന്ന തരത്തില്‍ മാതാപിതാക്കള്‍ അവരുടെ സോഷ്യല്‍മീഡിയ ക്രമീകരണങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ മുഖവും ശരീരവും മുഴുവനായി കാണാത്ത ഇത്തരം ചിത്രങ്ങള്‍ മാത്രമേ രക്ഷിതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാവൂ.