കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരസ്യങ്ങള്‍ക്കായുള്ള ഉയര്‍ന്ന ചെലവ് ചൂണ്ടിക്കാട്ടി ഡല്‍ഹി ബജറ്റിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ബജറ്റ് അവതരണത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായുള്ള ചെലവ് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
‘ഞങ്ങള്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 20,000 കോടി രൂപയും പരസ്യങ്ങള്‍ക്കുള്ള ചെലവിനായി 500 കോടി രൂപയും അനുവദിച്ചു. പരസ്യങ്ങള്‍ക്കായി ഒരു വലിയ തുക ഞങ്ങള്‍ ചെലവഴിക്കുന്നു എന്ന് എവിടെ നിന്നാണ് അവര്‍ കണക്കാക്കുന്നതെന്ന് എനിക്കറിയില്ല. വിദ്യാഭ്യാസമില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഡല്‍ഹി ബജറ്റിനെക്കുറിച്ച് അനാവശ്യമായി ബഹളമുണ്ടാക്കുകയാണ്. ഡല്‍ഹി ബജറ്റ് വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന വിദ്യാസമ്പന്നരെ ബിജെപി നിയമിക്കണം’ കെജ്രിവാള്‍ പറഞ്ഞു.
ചൊവ്വാഴ്ച ഡല്‍ഹി നിയമസഭയെ അഭിസംബോധന ചെയ്യവെ, കേന്ദ്രത്തിന്റെ തടസ്സം കാരണം ഡല്‍ഹി ബജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ബാബാസാഹേബ് അംബേദ്കര്‍ ഭരണഘടന എഴുതുമ്പോള്‍, കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാരിനെ തടയാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരിക്കില്ല. ഭരണഘടന ആക്രമിക്കപ്പെട്ടു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി ബജറ്റില്‍ ഒപ്പിടാന്‍ മാത്രമേ കഴിയൂ. തന്റെ എതിര്‍പ്പുകളോ നിരീക്ഷണങ്ങളോ അതില്‍ നല്‍കാനാവില്ലെന്നും എല്‍ജി ഫയലില്‍ എന്തെങ്കിലും എഴുതിയാല്‍ അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ബജറ്റിന്റെ ഫയലില്‍ മൂന്ന് ദിവസമായി ഡല്‍ഹി എല്‍ജിയുടെ കൈയ്യില്‍ ഇരിക്കുകയാണെന്നും പലതവണ വിളിച്ചതിന് ശേഷമാണ് ഞങ്ങള്‍ക്ക് ഫയല്‍ ലഭിച്ചതെന്നും കെജ്രിവാള്‍ ആരോപിച്ചു. മൊഹല്ല ക്ലിനിക്കുകളുടെ സ്ഥാപനത്തിനും നടത്തിപ്പിനുമുള്ള ഫണ്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഞങ്ങള്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്, പോരാടാനല്ല. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം പറയുന്നു.
കൂടുതല്‍ സ്‌കൂളുകള്‍ നിര്‍മ്മിച്ച് കൂടുതല്‍ മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ച് ഡല്‍ഹിയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും എഎപി വിജയിക്കുന്നതിനാല്‍ ബിജെപിക്ക് പ്രശ്നമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍, ഞാന്‍ ഒരു പുതിയ മന്ത്രം പറഞ്ഞുതാരം, നിങ്ങള്‍ക്ക് ഡല്‍ഹിയെ ജയിക്കണമെങ്കില്‍, ഓരോ ഡല്‍ഹി പൗരന്റെയും ഹൃദയം നിങ്ങള്‍ സ്വന്തമാക്കണം’ അദ്ദേഹം പറയുന്നു.