ഒരു തെരുവു നായയുടെ വിയോഗത്തിൽ ഒരു നാട് കരയുകയാണ്. അത്ഭുതമെന്ന് ആദ്യം തോന്നാം. പക്ഷേ കഥയറിയുമ്പോൾ നമുക്കും ചിലപ്പോൾ സങ്കടം വന്നേക്കാം. ഒരു തെരുവുനായയെ ഒരു നാട് ഇത്രത്തോളം സ്നേഹിക്കണമെങ്കിൽ അതിനെന്തെങ്കിലും പ്രത്യേകത കാണുമെന്ന് ഉറപ്പാണല്ലോ. ആ നാടിൻ്റെ ജീവിതചര്യയുടെ ഒരു ഭാഗമായിരുന്നു ജോളി എന്ന പെൺനായ. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി കുട്ടികളുമായി പോവുകയായിരുന്നു സ്കൂൾ വാഹനം ജോളിയെ ഇടിക്കുകയായിരുന്നു. ജോളിയുടെ മരണം ആ നാടിന് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. എന്നും തങ്ങൾ കണ്ടുകൊണ്ടിരുന്ന, തങ്ങളുടെ ജീവിതത്തിൻ്റെ ഒരു ഭാഗമായിരുന്ന ജോളി എന്ന പെൺ നായയുടെ അവസാന യാത്രയിൽ ആ നാട് ഒന്നിക്കുകയാണ്. ജോളിക്കു വേണ്ടി അവർ കരയുകയാണ്.
തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ ഗ്രാമപഞ്ചായത്തിലെ കോലിയക്കോട് എന്ന ഗ്രാമമാണ് ജോളി എന്ന നായയുടെ വിയോഗത്തിൽ കരയുന്നത്. വർഷങ്ങൾക്കു മുമ്പ് കോലിയക്കോട് കെകെ പാറ ജംഗ്ഷനിൽ ആരോ ഉപേക്ഷിച്ചു പോയ നിലയിലാണ് നാട്ടുകാർ ഈ കൊച്ചു പെൺപട്ടിയെ ആദ്യം കാണുന്നത്. വിശപ്പ് സഹിക്കാനാകാതെ പരിസരത്തുള്ള വീടുകളിൽ ചെന്ന് ദയനീയമായി കരഞ്ഞ് ആഹാരം ചോദിക്കുന്ന പട്ടിക്കുട്ടിയെ ഇന്നും നാട്ടുകാർക്ക് ഓർമ്മയുണ്ട്. പട്ടിക്കുട്ടിയുടെ ദയനീയമായ വിളിയും മുഖഭാവവും കണ്ട് എല്ലാ വീട്ടുകാരും അവൾക്ക് ആഹാരം നൽകി. അങ്ങനെ അവൾ ആ നാട്ടുകാരുമായി പരിചയത്തിലായി. ആ സമയത്താണ് പ്രമാദമായ കൂടത്തായി പരമ്പര കൊലക്കേസുകൾ വാർത്തയാകുന്നത്. അങ്ങനെ ആ നാട് ആ പെൺ പട്ടിക്ക് ഒരു പേരിട്ടു, ജോളി.
പതിയെ പതിയെ ജോളി വളർന്നു. അവൾ നാട്ടുകാർക്ക് പ്രിയങ്കരിയായി മാറി. ആ നാട്ടിൽ ഒരു ഗൂർഖ ഇല്ലാത്തതിൻ്റെ കുറവ് അവൾ നികത്തി. രാത്രിയിൽ റോന്ത് ചുറ്റൽ, അപരിചിതരായി ആരെങ്കിലും എത്തിയാൽ നാട്ടുകാർക്ക് മുന്നറിയിപ്പു നൽകൽ, അതിരാവിലെ നടക്കാനിറങ്ങുന്ന നാട്ടുകാർക്ക് തുണയായി കൂടെ നടക്കൽ, കാട്ടുപന്നികളുടെ ശല്യം വഴിവക്കിലുണ്ടാകുമ്പോൾ അവയെ തുരത്തിയോടിക്കൽ അങ്ങനെയങ്ങനെ ജോളി ആ നാടിൻ്റെ ഭാഗം തന്നെയായി മാറി. നാട്ടുകാർക്ക് അവളെക്കുറിച്ച് നല്ല കഥകൾ മാത്രമേ പറയുവാനുള്ളു. നൽകുന്ന ഭക്ഷണത്തിന് ഇരട്ടി സ്നേഹം എന്ന സിദ്ധാന്തത്തിൽ ഊന്നിയായിരുന്നു ജോളിയുടെ ഓരോ ദിനവും കടന്നുപോയിക്കൊണ്ടിരുന്നത്.
പ്രഭാത നടത്തത്തിന് ഇറങ്ങുന്ന ഞങ്ങൾക്കൊപ്പം ജോളിയും കറുമ്പനും ചെമ്പനും മറ്റു ചിലരും കാണും. ഒന്നുരണ്ടു തവണ വഴിയിൽ പ്രത്യക്ഷപ്പെട്ട പന്നികളെ ഓടിച്ച് അവൾ ഞങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മറ്റ് പട്ടികൾ വഴിമുടക്കികളായി എത്തിയാൽ അവരെ ഓടിച്ച് തുരത്തിയ ശേഷം വീണ്ടും ഒപ്പം കൂടും. ഞങ്ങളുടെ കെെയിൽ കരുതിയിരിക്കുന്ന ബിസ്ക്കറ്റ് കഷ്ണങ്ങൾ പരാതിയില്ലാതെ ജോളിയും കൂട്ടരും പങ്കിട്ടെടുക്കും.സതീശൻ അണ്ണൻ്റെ വണ്ടിയുടെ ശബ്ദം കേട്ടാൽ അവൾ ഓടിയെത്തും. അദ്ദേഹം കൊടുക്കുന്ന ആഹാരം കൂട്ടുകാർക്കും നൽകി ബാക്കി കഴിക്കും. ഞാൻ ഒറ്റയ്ക്ക് നടക്കാനിറങ്ങുന്ന ദിവസങ്ങളിൽ ജോളി വീടുവരെ അനുഗമിക്കുമായിരുന്നു. വീടിൻ്റെ മുറ്റത്ത് എത്തുമ്പോൾ മക്കൾ ബിസ്കറ്റമാ കേക്കിൻ്റെ കഷ്ണമോ കൊടുക്കും. അത് കഴിച്ച ശേഷം മുൻകാലിൽ തലവച്ച് നന്ദി പറഞ്ഞ് തിരികെപ്പോകും´- നാട്ടുകാരനായ അരുൺ ആസാദ് പറയുന്നു.
നാട്ടുകാരനായ സജീവൻ നായർക്ക് പറയുവാനുള്ളത് മറ്റൊരു കഥയാണ്. ജലനിധിയുടെ ഭാഗമായി വീടുകളിൽ വെള്ളം എത്തിക്കുവാൻ അതിരാവിലെ പമ്പ് സെറ്റ് ഓൺ ചെയ്യണം. പമ്പ് ഹൗസ് ഇരിക്കുന്ന സ്ഥലത്ത് കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. അതിരാവിലെ അവിടേക്ക് പോകുമ്പോൾ കൂട്ട് വരുന്നത് ജോളിയാണ്. പലതവണ മുന്നിൽ വന്നുപെടന്ന കാട്ടു പന്നികളെ.ജോളി ആക്രമിച്ചു ഓടിച്ചിട്ടുണ്ട്. സജീവൻ നായരുടെ വീട് ജോളിക്കറിയാം. ഏതുനിമിഷവും ആ വീട്ടിൽ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. വിശക്കുമ്പോൾ അവൾ നേരെ ആ വീട്ടിലെത്തും. വയറു നിറയെ ഭക്ഷണം കഴിക്കും. അതായിരുന്നു രീതി. ഒരർത്ഥത്തിൽ സജീവൻ നായരുടെ വലംകൈ കൂടിയായിരുന്നു ജോളി എന്നു പറയാം.
ജോളിയുടെ വിയോഗത്തിൽ നാട്ടുകാർ മുഴുവൻ സങ്കടത്തിലാണ്. ഒരർത്ഥത്തിൽ ഇത്രത്തോളം ആ നാട് മറ്റാരെയും സ്നേഹിച്ചിട്ടില്ല. നൽകുന്ന സ്നേഹത്തിന് നന്ദിയും ഇരട്ടി സ്നേഹവും തിരിച്ചു പ്രകടിപ്പിക്കുന്നവളായിരുന്നു ജോളി. അതുകൊണ്ട് കൂടിയാണ് ആ നാട് എന്നും ഓർമിക്കുന്ന രീതിയിലുള്ള ഒരു യാത്രയയപ്പ് ജോളിക്ക് നൽകിയതും.