മാർപാപ്പ ‘മനുഷ്യ സ്നേഹത്തിൻ്റെ മഹത്തായ സന്ദേശം പ്രചരിപ്പിച്ചയാൾ’;അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

0
3

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. പലസ്തീൻ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസ്സുകൊണ്ട് ചേർന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാർപാപ്പയുടെ വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം, ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന മാർപാപ്പ വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു വിടവാങ്ങിയത്. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.

LEAVE A REPLY

Please enter your comment!
Please enter your name here