ശക്തന്റെ സമാധിയില്‍നിന്ന് പോരാട്ടത്തിന് തുടക്കം കുറിച്ച്‌ കേന്ദ്രമന്ത്രി അമിത് ഷാ

0
60

തൃശൂര്‍: ശക്തന്റെ സമാധിയില്‍നിന്ന് പോരാട്ടത്തിന് തുടക്കം കുറിച്ച്‌ കേന്ദ്രമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുളള കേളികൊട്ട് ആയിരുന്നു അമിത് ഷായുടെ തൃശൂര്‍ പര്യടനം.

അദ്ദേഹത്തിന്റെ ആദ്യ പരിപാടി ശക്തന്റെ സമാധി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയായിരുന്നു. നിശ്ചയിച്ചിരുന്നതിലും മൂന്ന് മണിക്കൂറോളം വൈകിയായിരുന്നു ഷാ ശക്തന്റെ സമാധി സ്ഥലത്ത് എത്തിയത്. അമിത് ഷാ എത്തുമ്ബോഴേക്കും സ്ഥലത്ത് ബി.ജെ.പി. പ്രവര്‍ത്തകരെകൊണ്ട് നിറഞ്ഞിരുന്നു. വെള്ള കുര്‍ത്തയും പൈജാമയും ആയിരുന്നു അമിത് ഷായുടെ വേഷം. തൂവെള്ള ഷാളും അണിഞ്ഞിരുന്നു.

ഭാരത് മാതാ കീ ജയ്, വന്ദേമാതരം വിളികളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും അമിത് ഷായെ അനുഗമിച്ചിരുന്നു. അതീവ സുരക്ഷയാണ് കേന്ദ്രമന്ത്രിക്ക് വേണ്ടി ഒരുക്കിയിരുന്നത്. സി.ആര്‍.പി.എഫിന് പുറമെ സംസ്ഥാന പോലീസിനെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട കുറച്ച്‌ പേരെ മാത്രമാണ് സമാധി സ്ഥലത്തേക്ക് പ്രവേശിപ്പിച്ചത്. അമിത്ഷായെ കാത്ത് ജില്ലയിലെ പൗരപ്രമുഖരും വ്യാപാരരംഗത്തെ പ്രശസ്തരും സ്ഥലത്ത് എത്തിയിരുന്നു.

സുരേഷ് ഗോപിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അമിത് ഷായുടെ വരവ് പ്രമാണിച്ച്‌ ശക്തന്റെ സമാധി മണ്ഡപം പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു. സമാധിയിലേക്കുള്ള വഴി ചുവന്ന പരവതാനി വിരിച്ച്‌ മനോഹരമാക്കിയിരുന്നു.
സമാധിയില്‍ എത്തിയ അമിത് ഷാ മൗനപ്രാര്‍ഥനയ്ക്ക് ശേഷമാണ് പുഷ്പാര്‍ച്ചന നടത്തിയത്. അതിഥികളായി പ്രത്യേകം ക്ഷണിക്കപ്പെട്ട പൗരപ്രമുഖരും കേന്ദ്രമന്ത്രിക്കൊപ്പം പുഷ്പാര്‍ച്ചനയില്‍ പങ്കുകൊണ്ടു. അതിനുശേഷം അതിഥികളായ ഓരോരുത്തരെയും അടുത്ത് ചെന്ന് പരിചയപ്പെട്ടു. ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ കേന്ദ്രമന്ത്രിക്ക് പൗരപ്രമുഖരെ പരിചയപ്പെടുത്തി. സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, വിദ്യാധരന്‍, രതീഷ് വേഗ, ഗായകന്‍ അനൂപ് ശങ്കര്‍, വ്യവസായ പ്രമുഖരായ പട്ടാഭിരാമന്‍, കല്യാണരാമന്‍ തുടങ്ങിയവരെയാണ് അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ അതിഥികളായി ക്ഷണിച്ചത്.

ചടങ്ങുകള്‍ വേഗം അവസാനിപ്പിച്ച്‌ ഔദ്യോഗിക വാഹനത്തില്‍ കയറി അദ്ദേഹം തേക്കിന്‍കാട് മൈതാനിയിലെ പൊതുസമ്മേളന സ്ഥലത്തേക്ക് യാത്ര തിരിച്ചു. തൃശൂര്‍ കോര്‍പ്പറേഷനിലെ ബി.ജെ.പി. കൗണ്‍സിലര്‍മാരും കേന്ദ്രമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ശക്തന്റെ തട്ടകമായ തൃശൂരിനെ തന്നെയാണ് ബി.ജെ.പി. ഇത്തവണ തെരഞ്ഞടുപ്പ് പ്രചാരണത്തിനുള്ള തുടക്കംകുറിക്കാന്‍ തെരഞ്ഞെടുത്തുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന ലോക്‌സഭാ മണ്ഡലമാണ് തൃശൂര്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച
സുരേഷ്‌ഗോപിയെ തന്നെയാകും ബി.ജെ.പി. അടുത്ത തവണയും പരിഗണിക്കുക. അത് കൊണ്ട് തന്നെയാണ് സുരേഷ് ഗോപിയുടെ സജീവമായ സാന്നിധ്യം അമിത് ഷായുടെ ചടങ്ങുകളില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here