അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ പ്രധാന തലവേദന ശ്രേയസ് അയ്യരുടെ പരിക്കാണ്. പുറംവേദനയെ തുടര്‍ന്ന് ഓസീസിനെതിരെ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ താരം ബാറ്റിംഗിനെത്തിയിരുന്നില്ല. ഏകദിന പരമ്പരയും അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ് അറിയുന്നത്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ഇന്ന് ചേരാനിരിക്കെ ശ്രേയസിന്റെ പകരക്കാരനെ ഇന്ന് പ്രഖ്യാപിച്ചേക്കും. മലയാളിതാരം സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയാണ് കാണുന്നത്. മാര്‍ച്ച് 17ന് മുംബൈയിലാണ് ഓസീസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.
പരിക്കിനെ തുടര്‍ന്ന് നേരത്തെ താരത്തിന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. മാത്രമല്ല, ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് താരം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നത്. എന്നാല്‍, വീണ്ടും പരിക്കേറ്റതോടെ ക്രിക്കറ്റ് അക്കാഡമിയിലെ ചികില്‍സാ മികവ് എത്രത്തോളമെന്നത് ചോദ്യം ചെയ്യപ്പെടുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കപ്പെടും മുമ്പ് അയ്യരെ കളിപ്പിക്കുകയായിരുന്നോ എന്ന സംശയം ഉയരുന്നു.
അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ശേഷമാണ് പുറംവേദനയുള്ളതായി ശ്രേയസ് അയ്യര്‍ പരാതിപ്പെടുന്നത്. അയ്യര്‍ സ്‌കാനിംഗിന് പോകുമെന്നും മെഡിക്കല്‍ സംഘം താരത്തിന്റെ ആരോഗ്യം നിരീക്ഷിക്കുമെന്നും ബിസിസിഐ പിന്നാലെ വ്യക്തമാക്കിയിരുന്നു. അയ്യര്‍ക്ക് പരിക്കേറ്റതോടെ ഓസീസിനെതിരെ അഹമ്മദാബാദ് ടെസ്റ്റിന്റെ നാലാം ദിനം രവീന്ദ്ര ജഡേജ പുറത്തായതിന് ശേഷം കെ എസ് ഭരതാണ് ബാറ്റിംഗിന് ഇറങ്ങിയത്. അയ്യര്‍ക്ക് പിന്നീട് ക്രീസിലെത്താനായില്ല. അയ്യരുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകുവയുള്ളൂ.