സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞത്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ നിർമാണ സമയത്തുണ്ടായ മറക്കാനാവാത്ത അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. സിനിമയ്ക്കുവേണ്ടി 32 ദിവസം കമൽ ഹാസനുവേണ്ടി മേക്കപ്പ് ചെയ്തെന്നാണ് സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞത്.
സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനുവേണ്ടി കമൽ സാറിന്റെ മുഖത്ത് രക്തമുള്ള രീതിയിലായിരുന്നു മേക്കപ്പ് ചെയ്യേണ്ടിയിരുന്നത്. അതിനായി ഒരു പ്രത്യേക മേക്കപ്പ്മാനെയും വെച്ചു. എന്നാൽ കോവിഡ് മൂലമുണ്ടായ ചില പ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് എത്താനായില്ല. അങ്ങനെ ഞാൻ കമൽ സാറിനോട് ചോദിച്ചു മുഖത്തെ രക്തക്കറയും മറ്റും മേക്കപ്പ് ചെയ്ത് തരട്ടേ എന്ന്. അദ്ദേഹം സമ്മതിക്കുകയും കാരവാനിലേക്ക് ക്ഷണിക്കുകയും ചെയ്തു.
അരമണിക്കൂറെടുത്താണ് മേക്കപ്പ് പൂർത്തിയായത്. അവസാനം കണ്ണാടിയെടുത്ത് കാണിച്ചപ്പോൾ അദ്ദേഹം ചോദിച്ചു ഇതേരീതിയിൽ ആര് തുടർച്ചയായി ചെയ്യുമെന്ന്. ഞാൻ പറഞ്ഞു ഞാൻ തന്നെ ചെയ്യാമെന്ന്. അങ്ങനെ 32 ദിവസം മേക്കപ്പ് ചെയ്തു. എല്ലാ ദിവസവും സാർ വരുമ്പോൾ ഞാൻ കാരവാനിൽ പോയി മേക്കപ്പ് ചെയ്ത് കൂട്ടിക്കൊണ്ടുവരും. എനിക്കെന്താണ് അദ്ദേഹത്തിൽ നിന്ന് വേണ്ടത് എന്നത് മാത്രമാണ് ആ അവസരത്തിൽ ചിന്തിച്ചുള്ളൂ. ലോകേഷ് പറഞ്ഞു.