ചിറ്റഗോങ്: ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ ചിറ്റഗോങ്ങിലെ ആദ്യ ട്വന്‍റി 20യില്‍ അട്ടിമറിച്ച് ബംഗ്ലാദേശ്. ചിറ്റഗോങ്ങില്‍ ആറ് വിക്കറ്റിനാണ് ഷാക്കിബ് അല്‍ ഹസനും സംഘവും അത്ഭുതം കാട്ടിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കിനില്‍ക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാ കടുവകള്‍ സ്വന്തമാക്കി. 24 പന്തില്‍ പുറത്താവാതെ 34* റണ്‍സുമായി നായകന്‍ ഷാക്കിബ് അല്‍ ഹസനും 13 പന്തില്‍ 15* റണ്ണുമായി ആഫിഫ് ഹൊസൈനുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മൂന്നാമനായി ക്രീസിലെത്തി 30 പന്തില്‍ 51 നേടിയ നജ്‍മുല്‍ ഹൊസൈന്‍ ഷാന്‍റോയുടെ ഇന്നിംഗ്സ് നിർണായകമായി.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന്‍റെ റോണി തലക്ദറിനെ(14 പന്തില്‍ 21) ആദില്‍ റഷീദും ലിറ്റണ്‍ ദാസിനെ(10 പന്തില്‍ 12) ജോഫ്ര ആർച്ചറും പുറത്താക്കിയതോടെ ഓപ്പണർമാർ മടങ്ങി. പിന്നാലെ നജ്‍മുല്‍ ഹൊസൈന്‍ ഷാന്‍റോയും തൗഹിദ് ഹ്രിദോയിയും ടീമിനെ 100 കടത്തി. എന്നാല്‍ 17 പന്തില്‍ 24 റണ്‍സെടുത്ത തൗഹിദിനെ ബൗള്‍ഡാക്കി മൊയീന്‍ അലി കൂട്ടുകെട്ട് പൊളിച്ചു. 27 പന്തില്‍ ഫിഫ്റ്റി തികച്ച ഷാന്‍റോയെ 30 ബോളില്‍ 51 റണ്‍സെടുത്ത് നില്‍ക്കേ മാർക്ക് വുഡ് പുറത്താക്കിയത് കടുവകള്‍ക്ക് തിരിച്ചടിയായി. ഇതിന് ശേഷം പ്രതീക്ഷകളെല്ലാം നായകന്‍ ഷാക്കിബ് അല്‍ ഹസനിലായി. ക്യാപ്റ്റന്‍റെ ഉത്തരവാദിത്വത്തോടെ കളിച്ച ഷാക്കിബ്, ആഫിഫ് ഹൊസൈനെ കൂട്ടുപിടിച്ച് ബംഗ്ലാദേശിന് അട്ടിമറി ജയം സമ്മാനിച്ചു.