ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിലാകും ചടങ്ങ്. മണിക് സാഹയോടൊപ്പം മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ഇന്ന് നടക്കും. അഗർത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടിലണ് ചടങ്ങുകൾ നടക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ ചൂണ്ടിക്കാട്ടി ത്രിപുര കോൺഗ്രസും ഇടതുപക്ഷവും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നിയമലഭാ കക്ഷി യോഗത്തിലാണ് മണിക് സാഹ മുഖ്യമന്ത്രിയാകാനുള്ള തീരുമാനം കൈകൊണ്ടത്. ബി ജെ പിയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ട്രിബൾ ഷൂട്ടറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിദ്ധ്യത്തിലായിരുന്നു എം എൽ എമാരുടെ യോഗം ചേർന്നത്.
അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 32 സീറ്റും ബിജെപി നേടിയിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ഒരു സീറ്റിൽ വിജയിച്ചു.
2016ൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് മണിക് സാഹ, ത്രിപുരയിൽ തിരഞ്ഞെടുപ്പിന് 10 മാസം മുൻപാണ് മുഖ്യമന്ത്രിയാകുന്നത്. ബിപ്ലബ് കുമാർ ദേബിന് പകരമാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, ഓറൽ, മാക്സിലോഫേഷ്യൽ സർജറി സ്പെഷ്യലിസ്റ്റായ മണിക് സാഹ ഹപാനിയയിലെ ത്രിപുര മെഡിക്കൽ കോളേജിൽ പഠിപ്പിച്ചിരുന്നു.