ലാഹോർ : പാക് പഞ്ചാബ് പ്രവിശ്യയിൽ ഹോളി ആഘോഷിച്ച ഹിന്ദുക്കൾക്ക് നേരെ ഇസ്ലാമിക വിദ്യാർത്ഥി സംഘടനകളുടെ ആക്രമണം.പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നടന്ന ആക്രമണത്തിലാണ് ഹിന്ദുക്കളായ 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്.നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കാൻ മുപ്പതോളം ഹിന്ദു വിദ്യാർത്ഥികളാണ് ഒത്തുകൂടിയത്.
ഹിന്ദു വിദ്യാർത്ഥികൾ ഹോളി ആഘോഷിക്കാൻ ലോ കോളേജിലെ പുൽത്തകിടിയിൽ തടിച്ചുകൂടിയപ്പോൾ, ഇസ്ലാമി ജമിയത്ത് തുൽബ (ഐജെടി) പ്രവർത്തകർ ബലം പ്രയോഗിച്ച് തടയുകയായിരുന്നു.മുൻകൂർ അനുമതി വാങ്ങിയായിരുന്നു വിദ്യാർത്ഥികൾ ഹോളി ആഘോഷം സംഘടിപ്പിച്ചത്.
ആക്രമണത്തിനെതിരെ വൈസ് ചാൻസലറുടെ ഓഫീസിന് പുറത്ത് വിദ്യാർത്ഥികൾ പ്രകടനം നടത്തിയപ്പോൾ യൂണിവേഴ്സിറ്റി ഗാർഡുകൾ പ്രതിഷേധക്കാരെ ആക്രമിച്ചതായും പരാതിയുണ്ട്.സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികൾ ഇപ്പോൾ.എന്നാൽ പൊലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല.
അതേസമയം ലോ കോളേജിലെ പുൽത്തകിടിയിൽ ഹോളി ആഘോഷങ്ങൾ നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചാബ് സർവകലാശാല വക്താവ് ഖുറം ഷഹ്സാദ് പറഞ്ഞു.വീടിനുള്ളിൽ ആഘോഷങ്ങൾ നടത്തിയിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.