ലോകം മുഴുവൻ ആരാധകരുള്ള ബിടിഎസ് താരമാണ് ജങ്കൂക്ക്. സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന്റെ ഓരോ കാര്യങ്ങളും വൈറലാകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ജങ്കൂക്കിന്റെ സ്വാധീനം സൗത്ത് കൊറിയയിൽ എത്രത്തോളം ഉണ്ടെന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരമാണ് ആർആർആറിന് ലഭിക്കുന്ന സ്വീകാര്യത.
കഴിഞ്ഞ ദിവസം വീവേഴ്സ് ലൈവിലൂടെ ജങ്കൂക്ക് ആരാധകരുമായി സംവദിച്ചിരുന്നു. ലൈവിൽ പല കാര്യങ്ങൾ സംസാരിച്ചതിനിടയ്ക്ക് തന്റെ ഇപ്പോഴത്തെ ഇഷ്ടപ്പെട്ട പ്ലേ ലിസ്റ്റുകളും താരം ആരാധകർക്ക് പങ്കുവെച്ചിരുന്നു. ഇതിൽ ഒന്ന് എംഎം കീരവാണി സംഗീതം നൽകിയ ‘നാട്ടു നാട്ടു’ ആയിരുന്നു. ഈ പാട്ട് ആർആർആർ എന്ന സിനിമയിലേതാണെന്നും താൻ ഈ ചിത്രം കണ്ടുവെന്നും ജങ്കൂക്ക് പറഞ്ഞു. മാത്രമല്ല, നാട്ടു നാട്ടുവിലെ സൂപ്പർഹിറ്റ് നൃത്തച്ചുവടുകളും ജങ്കൂക്ക് ചെയ്തു കാണിച്ചു.
ഇതോടെ ഇന്ത്യയിലെ ബിടിഎസ് ആർമിയും ആവേശത്തിലായി. ജങ്കൂക്ക് ആർആർആറിനെ കുറിച്ച് പറഞ്ഞതോടെ ഈ സിനിമയൊന്ന് കണ്ടുകളയാം എന്ന നിലപാടിലാണ് സൗത്ത് കൊറിയക്കാർ. ഇതോടെയാണ് സൗത്ത് കൊറിയ നെറ്റ്ഫ്ലിക്സിൽ RRR ട്രെന്റിങ് 2 ൽ എത്തിയത്.
ജങ്കൂക്കിന് തങ്ങളുടെ പാട്ട് ഇഷ്ടപ്പെട്ടതിൽ സന്തോഷം അറിയിച്ച് ആർആർആർ ടീം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.