ബ്വേനോസ് ഐറിസ് : അര്‍ജന്റീനയില്‍ ഈ മാസം ആദ്യം കാണാതായ 32കാരന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സ്രാവിന്റെ വയറ്റിനുള്ളില്‍ കണ്ടെത്തി.
തെക്കന്‍ അര്‍ജന്റീനയിലെ ചുബത്ത് പ്രവിശ്യയിലാണ് സംഭവം. ഡിയെഗോ ബാരിയ എന്നയാള്‍ക്കാണ് ദാരുണാന്ത്യം. ജനുവരി 18ന് ഇവിടുത്തെ ഒരു കടല്‍ത്തീരത്താണ് അവസാനമായി ഇദ്ദേഹത്തെ കണ്ടത്.
ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് വ്യാപക തെരിച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് മത്സ്യത്തൊഴിലാളികള്‍ പൊലീസിന് നിര്‍ണായക വിവരം കൈമാറി. ബാരിയയെ കാണാതായതിന് സമീപം കടലില്‍ നിന്ന് മൂന്ന് സ്രാവുകളെ പിടികൂടിയെന്നും ഇവയില്‍ 4.9 അടി നീളമുണ്ടായിരുന്ന ഒന്നിനെ മുറിക്കുന്നതിനിടെ ഉള്ളില്‍ മനുഷ്യന്റെ കൈത്തണ്ടയുടെ ഭാഗം കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു.
തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു. കൈത്തണ്ടയിലെ ടാറ്റു കണ്ടതോടെയാണ് ഇത് ബാരിയ ആണെന്ന് കുടുംബം ഉറപ്പിച്ചത്. ബാരിയ തന്നെയെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ പരിശോധനയും നടത്തി. ഇതിന്റെ ഫലം വൈകാതെ ലഭിക്കും. അതേ സമയം, ബാരിയ എങ്ങനെ കടലില്‍പ്പെട്ടെന്നോ എന്താണ് ശരിക്കും സംഭവിച്ചതെന്നോ വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.