സുരക്ഷാഭീഷണി; സ്വകാര്യഭൂമിയിൽ നിന്ന് ചന്ദനമരം പിഴുത് മാറ്റി, മൂല്യം ഒന്നരക്കോടി

0
57

മറയൂർ: സുരക്ഷാ ഭീഷണിയുണ്ടെന്ന് കാട്ടി നൽകിയ അപേക്ഷയെ തുടർന്ന് വിലപിടിപ്പുള്ള ചന്ദനമരത്തെ സ്വകാര്യഭൂമിയിൽ നിന്ന് പിഴുത് മാറ്റി. കാന്തല്ലൂർ റേഞ്ചിലെ കുണ്ടക്കാട് പേരൂർ വീട്ടിൽ സോമന്റെ പുരയിടത്തിൽ നിന്നിരുന്ന 150ലധികം വർഷം പഴക്കമുള്ള ഭീമൻ ചന്ദനമരമാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് ഒടുവിൽ ഇന്നലെ പിഴുത് മാറ്റി മറയൂരിൽ എത്തിച്ചത്.

സോമന്റെ വീടിന്റെ സമീപത്തുള്ള പുരയിടത്തിൽ ഇരുപതോളം ചന്ദനമരങ്ങൾ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും മോഷ്ടാക്കൾ വെട്ടിക്കടത്തി.  ഇവിടെ ഉള്ളതിൽ മൂന്നെണ്ണം വലിയ ചന്ദനമരങ്ങളായിരുന്നു. ഇതിൽ രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ പലപ്പോഴായി മുറിച്ച് കടത്തി. ഇതിനിടയിൽ മോഷ്ടാക്കൾ സോമനയും കുടുംബാംഗങ്ങളെയും കെട്ടിയിട്ടും ഇവിടെ നിന്നും ചന്ദന മരങ്ങൾ മോഷ്ടിച്ചു കടത്തിയ സംഭവമുണ്ടായി. ഇതിനെ തുടർന്ന് സോമൻ പലതവണയായി വനം വകുപ്പിലും ബന്ധപ്പെട്ട അധികൃതർക്കുമായി അപേക്ഷ നൽകി.

ഇവിടെ നിന്നും ചന്ദനമരം മാറ്റിയാൽ ചന്ദന സംരക്ഷണത്തിൽ നിന്നും പിന്മാറാമെന്നും, മോഷ്ടാക്കൾ എത്തുമെന്ന പേടി കൂടാതെ തങ്ങൾക്ക് രാത്രിയിൽ കിടന്നുറങ്ങാം എന്നുമുള്ള തരത്തിലാണ് അപേക്ഷ നൽകിയത്. ഇത് പരിഗണിച്ച  സബ് കളക്ടർ ഒടുവിൽ ഈ ചന്ദനമരം പിഴുതുമാറ്റാൻ കീഴാന്തൂർ വില്ലേജ് ഓഫിസ് അധികൃതർക്കും മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിലും കത്ത് നൽകി. തുടർന്നാണ് ഇന്നലെ വനം റവന്യൂ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ നീണ്ട പ്രയത്നത്തിനൊടുവിൽ ചന്ദനമരം  വേരോടെ പിഴുത് വീഴ്ത്തി  മുറിച്ച് മറയൂർ ചന്ദന ഡിപ്പോയിൽ എത്തിച്ചത്. മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ്കുമാർ കീഴാന്തൂർ വില്ലേജ് ഓഫിസർ കെ.എം. സുനിൽകുമാർ ബിആർഒ പ്രദീപ്കുമാർ വനം വകുപ്പ് ഉദ്യോഗസ്ഥർ സനിൽ, ബിജു ബി.നായർ, നിഷ, ജിബി പീറ്റർ, എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദനമരം പിഴുതു മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here