വനിതാ ടി20 ലോകകപ്പ് 2023 ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ന് ഇന്ത്യയും അയർലൻഡും തമ്മിൽ ഏറ്റുമുട്ടും. വൈകീട്ട് ബോലാൻഡ് പാർക്കിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇന്ന് ജയിക്കാനായാൽ ഇന്ത്യൻ പെൺപുലികൾക്ക് സെമി ഫൈനൽ ഉറപ്പിക്കാൻ കഴിയും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമവാക്യം വളരെ ലളിതമാണ്. അടുത്ത മത്സരത്തിൽ ജയിച്ചാൽ ഇംഗ്ലണ്ടിനൊപ്പം ഗ്രൂപ്പ് ബിയിൽ നിന്ന് ഇന്ത്യ സെമിയിലെത്തും.
ഇന്ത്യ ഇന്ന് ജയിച്ചാൽ പാക്കിസ്ഥാനും, വെസ്‌റ്റ് ഇൻഡീസും പുറത്താകും. ഇന്ത്യ തോറ്റാൽ, പാക്കിസ്ഥാനും വെസ്‌റ്റ് ഇൻഡീസിനും മുന്നേറാനുള്ള സാധ്യതയുണ്ട്. വൻ മാർജിനിലിലുള്ള തോൽവി ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തെളിക്കും. ഞായറാഴ്‌ച പാക്കിസ്ഥാനെ മൂന്ന് റൺസിന് തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയെങ്കിലും വെസ്‌റ്റ് ഇൻഡീസിന്റെ ഭാവി ഇനി അവരുടെ കൈകളിലല്ല.
അയർലൻഡ് ഇന്ത്യയെ തോൽപ്പിച്ചാൽ, ഹീതർ നൈറ്റിന്റെ ഇംഗ്ലണ്ടിനെതിരെ ഒരു സമ്പൂർണ്ണ ജയം മാത്രമേ പാക്കിസ്ഥാന് സെമിയിലെത്താൻ ആവശ്യമുള്ളൂ. ഇന്ത്യയെ അപേക്ഷിച്ച് പാക്കിസ്ഥാന് നിലവിൽ മെച്ചപ്പെട്ട നെറ്റ് റൺ റേറ്റ് (+0.981) ഉണ്ട് എന്നതാണ് കാരണം. അതേസമയം, അഭിമാന പോരാട്ടത്തിനാണ് അയർലൻഡ് ഇന്ന് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്.
നേരത്തെ വെസ്‌റ്റ് ഇൻഡീസിനെതിരെ അവസാന നിമിഷം തോൽവി വഴങ്ങേണ്ടി വന്ന അവർക്ക് ഇന്ത്യയെ തോൽപ്പിക്കാനായാൽ വലിയ നേട്ടമാകും. നേരത്തെ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. ഇതിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഈ തവണത്തെ ടി20 ലോകകപ്പിൽ ഒരു ഫിനിഷറുടെ റോൾ കൃത്യമായി കൈകാര്യം ചെയ്‌ത താരമാണ് റിച്ച ഘോഷ്. ടൂർണമെന്റിൽ ഇതുവരെ റിച്ചാ ഘോഷിനെ പുറത്താക്കാൻ ഒരു ബൗളർമാർക്കും കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് 141.86 സ്‌ട്രൈക്ക് റേറ്റിൽ 122 റൺസാണ് റിച്ച നേടിയത്. ഇംഗ്ലണ്ടിനെതിരെ 47 റൺസുമായി പുറത്താകാതെ നിന്നെങ്കിലും വിജയത്തിലെത്തിക്കാൻ ആയിരുന്നില്ല.
ചാമ്പ്യൻഷിപ്പിൽ അയർലണ്ടിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഒർല പ്രെൻഡർഗാസ്‌റ്റ്. മൂന്ന് മത്സരങ്ങളിൽ നിന്ന് 36.33 ശരാശരിയിലും 131.32 സ്‌ട്രൈക്ക് റേറ്റിലും 109 റൺസ് നേടിയ 20കാരി നിലവിൽ അയർലൻഡിന്റെ ടോപ് സ്‌കോററാണ്. 6.22 എന്ന എക്കോണമി റേറ്റിൽ ഒരു വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.