ബ്രസീലിൽ ഡോക്ടർമാർക്ക് അത്ഭുതമായി വാലുമായി ജനിച്ച കുഞ്ഞ്. ആറ് സെന്റീമീറ്റർ നീളമുള്ള വാലുമായാണ് പെൺകുഞ്ഞ് പിറന്നത്. പീഡിയാട്രിക് സർജറി കേസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന ജേണലിലാണ് അപൂർവ വാലുമായി ജനിച്ച പെൺകുഞ്ഞിനെ കുറിച്ച് പറയുന്നത്.
സിസേറിയനിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് അസുഖങ്ങളോ മാരകമായ മരുന്നുകളോ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടർമാർ പറയുന്നു. കുഞ്ഞിന്റെ നട്ടെല്ലിനെയും പെൽവിസിനെയും ബന്ധിപ്പിക്കുന്ന ഭാഗത്ത് മൃദുവായ ചർമം വാൽ പോലെ വളർന്നതാണെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത്.
എംആർഐ പരിശോധനയിൽ കുഞ്ഞിന്റെ നട്ടെല്ലിൽ ചെറിയൊരു വിടവുള്ളതായും ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കൂടതൽ പരിശോധനയ്ക്കു വിധേയമാക്കിയതിനു ശേഷം വാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ജേണലിൽ പറയുന്നു. നട്ടെല്ലിലെ വിടവ് മസിൽ ഫ്ലാപ് കൊണ്ട് അടയ്ക്കുകയും ചെയ്തു. കുഞ്ഞിന് ഇപ്പോൾ മൂന്ന് വയസ്സായി. ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ജേണലിൽ പറയുന്നു.