ബേ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തുന്ന താരമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. നിലവിലെ ഇംഗ്ലീഷ് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ 107 സിക്‌സുകളുടെ റെക്കോര്‍ഡാണ് സ്റ്റോക്‌സ് തിരുത്തിയത്. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലാണ് സ്റ്റോക്‌സ് ടെസ്റ്റ് സിക്‌സര്‍ വേട്ടയില്‍ രാജാവായത്. സ്റ്റോക്‌സ് റെക്കോര്‍ഡ് മറികടക്കുമ്പോള്‍ ഡ്രസിംഗ് റൂമിലിരുന്ന് മക്കല്ലം അഭിനന്ദിക്കുന്നത് കാണാമായിരുന്നു.
107 ടെസ്റ്റുകളിലെ 176 ഇന്നിംഗ്‌സുകളിലാണ് മക്കലം 107 സിക്‌സറുകള്‍ പറത്തിയത് എങ്കില്‍ 90 ടെസ്റ്റുകളിലെ 164 ഇന്നിംഗ്‌സില്‍ സ്റ്റോക്‌സ് അത് മറികടന്നു. ക്രിസ് ഗെയ്‌ല്‍(100), ആദം ഗില്‍ക്രിസ്റ്റ്(98), ജാക്ക് കാലിസ്(97) എന്നിവരാണ് ടെസ്റ്റ് സിക്‌സറുകളില്‍ തൊട്ടുപിന്നില്‍. കിവികള്‍ക്കെതിരായ ഇന്നിംഗ്‌സോടെ സ്റ്റോക്‌സിന്‍റെ സിക്‌സുകള്‍ 109ലെത്തിയിട്ടുണ്ട്.