കളിയാട്ടക്കാവില്‍ വിസ്മയമായി കുട്ടിത്തെയ്യം. മൂന്ന് വയസ്സുകാരന്‍ ഋത്വിക്കാണ് പെണ്‍കൂത്ത് കെട്ടിയാടിയത്.
കണ്ണൂര്‍ രാമന്തളി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിനാണ് മൂന്നു വയസ്സുകാരന്‍ തെയ്യക്കോലമണിഞ്ഞത്.
ചെമ്ബട്ടണിഞ്ഞ് മുഖഛായമിട്ട് ചമയങ്ങള്‍ ചാര്‍ത്തി കുഞ്ഞു ഋത്വിക് പെണ്‍കൂത്തായി തിരുവരങ്ങിലെത്തി. വാദ്യമേളങ്ങളുടെ അകമ്ബടിയോടെയെത്തിയ പെണ്‍കൂത്ത് കണ്ട് കാണികള്‍ വിസ്മയിച്ചു. കൂത്തും ചങ്ങനും പൊങ്ങനും പിന്നെ പെണ്‍കൂത്തുമാണ് അരങ്ങിലെത്തിയത്.
രാമന്തളി കുന്നത്തെരു സ്വദേശിയായ സനിഷയുടെയും ബൈജുവിന്റെയും മകനാണ് മൂന്നുവയസ്സുകാരനായ ഋത്വിക്. തെയ്യം കലാകാരനാണ് മുത്തച്ഛന്‍ സതീശന്‍ പെരുവണ്ണാന്‍.
കെട്ടിയാടിയ തെയ്യത്തെ കുറിച്ചോ മറ്റ് തെയ്യങ്ങളെ കുറിച്ചോ അറിയാനുള്ള പ്രായമായിട്ടില്ല ഋത്വിക്കിന്. എന്നാല്‍ മുത്തശ്ശനില്‍ നിന്ന് തെയ്യത്തിന്റെ ഐതീഹ്യങ്ങളും കഥകളുമെല്ലാം കേട്ടു പഠിക്കുന്നുണ്ട്. ചെണ്ടയാണ് ഋത്വിക്കിന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടം.