അദാനി നിക്ഷേപകരുടെ നഷ്ടം 10 ലക്ഷം കോടിയായി

0
46

റിപ്പോർട്ടുകളനുസരിച്ച് 26,388 കോടി രൂപയുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപമാണ് അദാനി ഓഹരികളിൽ ഉള്ളത്. ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിന്റെ വലുപ്പം വച്ച് നോക്കുമ്പോൾ മ്യൂച്ചൽ ഫണ്ടുകളുടെ അദാനിയിലെ നിക്ഷേപം വലിയൊരു തുകയായി കാണാനാകില്ലെങ്കിലും ബാങ്കുകൾക്കും മറ്റും അദാനി ഗ്രൂപ് ഓഹരികളുടെ തളർച്ച മൂലമുണ്ടാകുന്ന നഷ്ടവും പരോക്ഷമായി മ്യൂച്ചൽ ഫണ്ടുകളെ മോശമായി ബാധിക്കാൻ ഇടയുണ്ട്. കൂടാതെ ഇന്ത്യൻ ഓഹരി വിപണി അദാനിയുടെ പേരിൽ വീഴുകയാണെങ്കിൽ അതും മ്യൂച്ചൽ ഫണ്ട് ഹൗസുകളെ ബാധിക്കും.

അദാനി കമ്പനികൾ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും, വിദേശത്തുനിന്നും കടമെടുത്തിട്ടുണ്ട്. അദാനി കമ്പനികളുടെ മൊത്തമുള്ള 30 ബില്യൺ ഡോളർ കടത്തിൽ 9 ബില്യൺ ഡോളർ ഇന്ത്യൻ ബാങ്കുകളിൽ നിന്നും വായ്പയെടുത്തിട്ടുള്ളതാണ്. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ആസ്തിയുടെ 6 ശതമാനത്തോളം വരും ഈ കടം.എസ് ബി ഐ 21000 കോടി രൂപയാണ് അദാനിക്ക് കടം കൊടുത്തിരിക്കുന്നത്. എൽ ഐ സി ക്കും അദാനി ഓഹരികളിൽ നല്ല നിക്ഷേപമുണ്ട്. എന്നാൽ ഇപ്പോഴുള്ള ഓഹരികളുടെ വിറ്റൊഴിക്കലിൽ എൽ ഐ സി, അദാനി ഓഹരികൾ ഒന്നും തന്നെ വിറ്റിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എൽ ഐ സി യുടെ ഓഹരികളും അദാനി വാർത്തകൾ പുറത്തു വന്നതിൽ പിന്നെ തളർച്ചയിലാണ്.

കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ, അദാനി എന്റർപ്രൈസസ് ഓഹരികൾ 61 ശതമാനത്തിലധികം തകർന്നപ്പോൾ അദാനി പോർട്ട്സ്, ട്രാൻസ്മിഷൻ എന്നിവയുടെ ഓഹരികൾ യഥാക്രമം 35 ശതമാനവും 21 ശതമാനവും ഇടിഞ്ഞു.ഇതിനിടക്ക് ഏതൊക്കെ ബാങ്കുകൾ അദാനി കമ്പനികൾക്ക് കടം കൊടുത്തിട്ടുണ്ടെന്ന കൃത്യമായ കണക്കു സമർപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഓഹരികളുടെ വിൽപ്പന സമ്മർദ്ദം കുറക്കാൻ 3 ഓഹരികളിൽ മാർജിൻ ട്രേഡിങ്ങ് നിർത്തിവെക്കുന്ന കാര്യവും ഇന്ന് മുതൽ എൻ എസ് ഇ പ്രാബല്യത്തിലായിട്ടുണ്ട്. ഇൻട്രാഡേ ട്രേഡിംഗിന് 100 ശതമാനം മുൻകൂർ മാർജിൻ വേണമെന്നുള്ളത് ഈ ഓഹരികളുടെ ഊഹക്കച്ചവടങ്ങളും ഷോർട്ട് സെല്ലിംഗും തടയുമെന്നു കരുതിയാണ് ഇത്തരമൊരു രീതി കൊണ്ടുവന്നിരിക്കുന്നത്.എൽ ഐ സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ അദാനി ഓഹരികൾ വിറ്റൊഴിക്കാതെയും, എൻ എസ് ഇ 100 ശതമാനം മാർജിൻ ട്രേഡിങ് ചില അദാനി ഓഹരികളിൽ കൊണ്ടുവന്നും അദാനി ഗ്രൂപ്പിനെ സഹായിക്കുന്നുണ്ടെങ്കിലും, വില്പ്പന സമ്മർദ്ദത്തിൽ നിന്നും അദാനി കരകയറുമോയെന്ന് അടുത്ത വാരത്തിൽ കാത്തിരുന്നു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here