കാന്‍സര്‍ തോറ്റു; നിമിഷ ഇരട്ടക്കുട്ടികളുടെ അമ്മ

0
56

 നാളെ ലോക കാന്‍സര്‍ദിനം

കൊച്ചി: പതിമൂന്നാം വയസില്‍ ബാധിച്ച കാന്‍സറിനെ തോല്പിച്ച നിമിഷയെ ജീവിതത്തിലേക്ക് ചേര്‍ക്കാന്‍ നിഥിന് രണ്ടാമതൊന്നും ആലോചിക്കാനില്ലായിരുന്നു.

തിരിച്ചുപിടിച്ച ജീവിതം ഇരട്ടപ്പെണ്‍മക്കള്‍ക്കൊപ്പം ആഘോഷമാക്കുകയാണ് ഇവര്‍. വയലിന്‍, വിയോള. – സംഗീതജ്ഞനായ നിഥിന്‍ വാദ്യോപകരണങ്ങളുടെ പേരാണ് മക്കള്‍ക്ക് നല്‍കിയത്. വയലിന്റെ ഇറ്റാലിയന്‍ രൂപഭേദമാണ് വിയോള.
”രക്താര്‍ബുദം ബാധിച്ചതിനാല്‍ സാധാരണ ജീവിതം പറ്റുമെന്ന് കരുതിയില്ല. കുഞ്ഞുങ്ങളെ പ്രതീക്ഷിക്കാത്ത ഞങ്ങള്‍ക്ക് ദൈവം തന്ന അനുഗ്രഹമാണ് ഇരട്ടകള്‍.”
ഏലൂര്‍ സ്വദേശി പോളിന്റെയും റെന്നിയുടെയും മകളാണ് നിമിഷ. എട്ടില്‍ പഠിക്കുമ്ബോള്‍ തുടര്‍ച്ചയായി പനി വന്നു. 2009 മാര്‍ച്ച്‌ 20 മുതല്‍ ഡോ.സി.എന്‍. മോഹനന്‍ നായരുടെ ചികിത്സയിലായി. പനിയാണെന്നേ നിമിഷയ്‌ക്ക് അറിയുമായിരുന്നുള്ളൂ.
”ആശുപത്രിയില്‍ ഡോക്ടറുടെ ബോര്‍ഡില്‍ കാന്‍സര്‍ വിദഗ്ദ്ധന്‍ എന്നു കണ്ടപ്പോള്‍ നെഞ്ചു പിടച്ചു. കാന്‍സറല്ലേയെന്ന് അമ്മയോട് ചോദിച്ചെങ്കിലും പനിയെന്നായിരുന്നു മറുപടി. ഡോക്ടറോട് ചോദിച്ചു. അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു തന്നു.” – നിമിഷ പറയുന്നു.
ഏറെ നാള്‍ പഠനം മുടങ്ങി. റേഡിയേഷന്‍ ഉള്‍പ്പെടെ ചികിത്സയുടെ നാളുകള്‍. ചികിത്സ തുടരവേ പ്ലസ് വണ്ണിന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹ്യുമാനിറ്റീസിന് ചേര്‍ന്നു. കാക്കനാട് ചെമ്ബുമുക്ക് ചെറുമുട്ടം വീട്ടില്‍ ജോര്‍ജിന്റെയും മര്‍സലയുടെയും മകന്‍ നിഥിനും ആ ക്ളാസിലെത്തി. ഇരുവരും കൂട്ടുകാരായി. മുടി കുറഞ്ഞതിന് കാരണം നിഥിന്‍ ചോദിച്ചെങ്കിലും നിമിഷ പറഞ്ഞില്ല. അദ്ധ്യാപികയാണ് നിമിഷയുടെ രോഗം നിഥിനോട് പറഞ്ഞത്.
ഡിഗ്രി പഠനം രണ്ടിടത്തായിരുന്നെങ്കിലും കൂട്ടുകാരായി തുടര്‍ന്നു. രണ്ടു വീട്ടുകാരും സൗഹൃദമായി. നിഥിന്‍ ബാങ്കില്‍ ജോലി നേടി. നിമിഷയെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചു. വീട്ടില്‍ സമ്മതം. ഡോ. മോഹനന്‍ നായരോട് നിമിഷ സംസാരിച്ചു. അദ്ദേഹം പ്രോത്സാഹനം നല്‍കി. 2019 സെപ്തംബര്‍ 22ന് ചെമ്ബുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വിവാഹം. 2021സെപ്തംബര്‍ 13ന് ഇരട്ടകള്‍ക്ക് ജന്മം നല്‍കി.

ബാങ്ക് ജോലി ഉപേക്ഷിച്ച്‌ സൗണ്ട് എന്‍ജിനിയറിംഗ് തിരഞ്ഞെടുത്ത നിഥിന്‍ സംഗീത സംവിധായകന്‍ കൂടിയാണ്. ‘വാമനന്‍” സിനിമയിലെ നാലു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. വിവിധ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതവുമൊരുക്കി. സൗണ്ട് ഡിസൈനറുമാണ്. ആലുവ സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് എച്ച്‌.എസ്.എസില്‍ നഴ്‌സറി അദ്ധ്യാപികയാണ് നിമിഷ.

”സഹതാപമല്ല, ഇഷ്ടം കൊണ്ടാണ് വിവാഹം ചെയ്തത്. രോഗം ആര്‍ക്ക് എപ്പോഴാ വരുന്നതെന്ന് അറിയില്ലല്ലോ.”

”ഒപ്പം നിന്ന ഡോ. സി.എന്‍. മോഹനന്‍ നായരാണ് കരുത്തായത്.”

”കാന്‍സറിനെ തോല്പിക്കാമെന്നതിന് തെളിവാണ് നിമിഷ. മാതൃത്വം വരെ സാദ്ധ്യമാണെന്നും കാട്ടിത്തരുന്നു.”

 

LEAVE A REPLY

Please enter your comment!
Please enter your name here