ചെന്നൈ: പതിനഞ്ച് വര്‍ഷമായി നടന്‍ വിജയിയുമായുള്ള സൌഹൃദം അവസാനിച്ചിട്ടെന്ന് വെളിപ്പെടുത്തി നടന്‍ നെപ്പോളിയന്‍. അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത് 2007 ലെ പോക്കിരിയിലാണ്. ഇതില്‍ പൊലീസ് കമ്മീഷ്ണറുടെ വേഷത്തിലായിരുന്നു നെപ്പോളിയന്‍. ഈ ചിത്രത്തിന്‍റെ സെറ്റില്‍ നടന്ന ഒരു സംഭവത്തോടെയാണ് ഇരുവരും തമ്മില്‍ അകന്നത്. ഇപ്പോള്‍ വിജയിയുടെ സിനിമകള്‍ പോലും കാണാറില്ലെന്നാണ് നെപ്പോളിയന്‍ വെളിപ്പെടുത്തുന്നത്.
ആക്കാലത്ത് വിജയിയുടെ കടുത്ത ആരാധകനായിരുന്നു നെപ്പോളിയന്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. നെപ്പോളിയന്‍റെ ചില സുഹൃത്തുക്കള്‍ വിജയിയെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. തനിക്ക് വിജയിയെ അടുത്തറിയാം എന്ന നിലയില്‍ നെപ്പോളിയന്‍ ഈ ആവശ്യം നടത്തികൊടുക്കാം എന്ന് ഏറ്റു. എന്നാല്‍ ഇത് സംബന്ധിച്ച് വിജയിയെ അറിയിച്ചിരുന്നില്ല.
ഒരു ദിവസം പോക്കിരി എന്ന ചിത്രത്തിലെ ഒരു വലിയ സംഘടന രംഗം കഴിഞ്ഞ് വിജയ് കാരവാനില്‍ വിശ്രമിക്കുന്ന നേരത്ത് നെപ്പോളിയന്‍ സുഹൃത്തുക്കളുമായി എത്തി. എന്നാല്‍ അവരെ സെക്യൂരിറ്റി കാരവാനിന് മുന്നില്‍ തടഞ്ഞു. അപ്പോയിമെന്‍റ് എടുക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. ഇതോടെ നെപ്പോളിയനും സംഘവും സെക്യൂരിറ്റിയുമായി തര്‍ക്കമായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി.
ഇതോടെ ബഹളം കേട്ട് വിജയ് കാരവാനില്‍ നിന്നും ഇറങ്ങി വന്നു. നെപ്പോളിയനോട് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്. സുഹൃത്തുക്കളുടെ മുന്നില്‍ അപമാനിക്കപ്പെട്ട പോലെയായി എന്നാണ് നെപ്പോളിയന്‍ ഇത് സംബന്ധിച്ച് പറയുന്നത്. എന്നാല്‍ ആ ദിവസം മുതല്‍ വിജയിയുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു. വിജയ് സിനിമയില്‍ അഭിനയിക്കുന്നത് പോയിട്ട്, വിജയ് സിനിമ കാണാറ് പോലും ഇല്ല നെപ്പോളിയന്‍.
നിലവില്‍ മകന്‍റെ ചികില്‍സയ്ക്കായി അമേരിക്കയില്‍ കുടുംബ സമേതം കഴിയുകയാണ് നെപ്പോളിയന്‍. 2014 ല്‍ ബിജെപിയില്‍ ചേര്‍ന്ന നെപ്പോളിയന്‍ എന്നാല്‍ രാഷ്ട്രീയം എല്ലാം മതിയാക്കിയാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. 2001-2006 കാലത്ത് ഡിഎംകെ എംഎല്‍എയും, 2009 ല്‍ ഡിഎംകെ എംപിയും കേന്ദ്ര സഹമന്ത്രിയും ആയിരുന്നു നെപ്പോളിയന്‍. ഇദ്ദേഹത്തെ പിന്നീട് 2014ല്‍ ഡിഎംകെ പുറത്താക്കി.
അതേ സമയം വിജയിയുമായി വീണ്ടും പഴയപടിയാകുവാന്‍ ആഗ്രഹമുണ്ടെന്നാണ് നെപ്പോളിയന്‍ ഇപ്പോള്‍ പറയുന്നത്. അതിനായി വിജയിയുടെ മാതാപിതാക്കള്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത കേട്ടുവെന്നും അതില്‍ സന്തോഷമുണ്ടെന്നും നെപ്പോളിയന്‍ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.