ന്യൂഡൽഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ 47 ലക്ഷം യുവതീ യുവാക്കൾക്ക് സ്റ്റൈപ്പൻഡ് നൽകുന്ന നാഷണൽ അപ്രന്റീഷിപ്പ് പ്രമോഷൻ സ്കീം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ. യുവാക്കൾക്ക് സ്റ്റൈപ്പൻഡ് തുക നേരിട്ട് അക്കൗണ്ടിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. ബജറ്റിലാണ് ഇക്കാര്യം പരാമർശിച്ചത്. രാജ്യത്ത് പുതുതായി 157 നഴ്സിങ് കോളേജുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. 2014 മുതൽ പ്രവർത്തനമാരംഭിച്ച 157 മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ചായിരിക്കും നഴ്സിങ് കോളേജുകൾ ആരംഭിക്കുക.
ആദിവാസി മേഖലയിൽ 748 ഏകലവ്യ മോഡൽ സ്കൂളുകൾക്കും ബജറ്റിൽ പ്രഖ്യാപനമുണ്ട്. അടുത്ത മൂന്ന് വർഷത്തിനിടെ ഇതിനായി 38,800 അധ്യാപകരെ കേന്ദ്രം നിയമിക്കും. ലോകോത്തരനിലവാരമുള്ള പുസ്തകങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി കുട്ടികൾക്കും കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും. ഡിജിറ്റൽ സൗകര്യങ്ങൾ ഇല്ലാത്തവർക്കും ഇത് ലഭ്യമാകുന്നതിനായി പഞ്ചായത്ത്, വാർഡ് തലങ്ങളിൽ ഫിസിക്കൽ ലൈബ്രറികൾ സ്ഥാപിക്കണം.
യുവാക്കളുടെ നൈപുണ്യവികസനത്തിനായി പി.എം. കൗശൽ വികാസ് യോജന 4.0.യും ബജറ്റിൽ പ്രഖ്യാപിച്ചു. പുതിയകാലത്തെ ഇൻഡസ്ട്രിക്കാവശ്യമായ കോഡിങ്, എ.ഐ, റോബോട്ടിക്സ്, മെക്കട്രോണിക്സ്, ത്രീഡി പ്രിന്റിങ് പോലുള്ള കോഴ്സുകൾക്ക് പ്രാധാന്യം നൽകും. യുവാക്കളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനും യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും രാജ്യത്താകമാനം 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ കേന്ദ്രങ്ങളും മൂന്ന് വർഷത്തിനുള്ളിൽ സ്ഥാപിക്കും.