ഡെന്‍വര്‍ : മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും നല്ല ഒന്നാന്തരം സെല്‍ഫിയെടുക്കാന്‍ അറിയാം. ഇതിന് ചിത്രങ്ങള്‍ സഹിതം തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ കൊളറാഡോയിലെ ബോള്‍ഡര്‍ നഗരത്തിലെ ഓപ്പണ്‍ സ്പേസ് ആന്‍ഡ് മൗണ്ടന്‍ പാര്‍ക്ക്സ് ( ഒ.എസ്.എം.പി ) അധികൃതര്‍.
പാര്‍ക്കിലെ ഒരു കരടി പകര്‍ത്തിയ ‘ സെല്‍ഫി”കളാണ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അതും 400 എണ്ണം.! പാര്‍ക്കിലെ മൃഗങ്ങളെ നിരീക്ഷിക്കാന്‍ അധികൃതര്‍ മോഷന്‍ – ഡിറ്റക്ടിംഗ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുന്നില്‍ ഏതെങ്കിലും ജീവിയുടെ അനക്കമുണ്ടായാല്‍ ഈ കാമറകള്‍ ആക്ടിവേറ്റ് ആകുകയും അവയുടെ ചിത്രമോ ഷോര്‍ട്ട് വീഡിയോയോ പകര്‍ത്തുകയും ചെയ്യുന്നു.
ആഹാരത്തിനും വിശ്രമത്തിനുമായി അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ ദിവസവും നിരവധി തവണ ഈ കാമറകള്‍ക്ക് മുന്നിലൂടെ പോകാറുണ്ട്. എന്നാല്‍ കാമറയ്ക്ക് മുന്നിലൂടെ വെറുതെ അങ്ങ് നടന്നുപോകാന്‍ ഒരു കരടി തയാറായില്ല. കാമറ കണ്ട് കൗതുകം തോന്നിയ കരടി അവസരം പാഴാക്കാതെ അത് കൈയ്യിലെടുത്ത് നിരീക്ഷണം തുടങ്ങി. അങ്ങനെ ഒറ്റരാത്രി കൊണ്ട് കാമറയില്‍ പകര്‍ത്തപ്പെട്ടതാണ് 400 ചിത്രങ്ങള്‍. ആകെ 580 ചിത്രങ്ങളാണ് അന്ന് കാമറയില്‍ പതിഞ്ഞത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സെല്‍ഫികളും കരടിയും താരമായി. 46,000 ഏക്കര്‍ വിസ്തൃതിയിലുള്ള പാര്‍ക്കില്‍ ഒമ്ബത് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.