തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികള്‍ റജിസ്ട്രേഷന്‍ വകുപ്പ് ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും. ബിനീഷ് കോടിയേരിയുടെ പേരില്‍ സംസ്ഥാനത്തുള്ള മുഴുവന്‍ ഭൂമികളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങളാണ് ശേഖരിക്കുന്നത്. ജില്ലാ റജസ്ട്രേഷന്‍ ഓഫീസ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ റജിസ്ട്രേഷന്‍ ഐജി നേരിട്ട് ഇഡിക്ക് കൈമാറും.സ്വത്തു വകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ബിനീഷിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ് നല്‍കിയിട്ടുണ്ട്.ബിനീഷിന്റെ വസ്തുവകകള്‍ മുന്‍കൂര്‍ അനുമതി ഇല്ലാതെ കൈമാറരുതെന്ന് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിനോടും ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി നോട്ടിസ് നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം ഒന്‍പതിന് ബിനീഷിനെ 11 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ലഹരിമരുന്നു കേസില്‍ പിടിയിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുള്ള ബന്ധം പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ചോദ്യം ചെയ്യല്‍.