ബിജെപി നേതാവായ വരുണ്‍ ഗാന്ധിയെ സ്നേഹപൂര്‍വം കാണാനും കെട്ടിപിടിക്കാനും തനിക്ക് കഴിയുമെന്നും എന്നാല്‍ വരുണിന്റെ രാഷ്‌ട്രീയത്തെ ഒരിക്കലും പിന്തുണക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിജെപിയുടെ പ്രത്യായശാസ്‌ത്ര രക്ഷിതാവായ ആര്‍എസ്എസിന്റെ ഓഫീസില്‍ പോകുന്നതിനേക്കാള്‍ തലവെട്ടി കളയുന്നതാണ് ഇഷ്‌ടമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വരുണ്‍ ഗാന്ധി ബിജെപിയിലാണ്. എന്റെ പ്രത്യായശാസ്‌ത്രം അദ്ദേഹത്തിന്റെ പ്രത്യായശാസ്‌ത്രവുമായി പൊരുത്തപ്പെടുന്നില്ല. എനിക്ക് ഒരിക്കലും ആര്‍എസ്എസ് ഓഫീസില്‍ പോകാന്‍ കഴിയില്ല. അതിന് മുമ്പ് നിങ്ങളെന്റെ തലവെട്ടണം. വരുണ്‍ സ്വീകരിച്ച ആശയത്തെ ഒരിക്കലും തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.
2019 ലെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ അമ്മ മേനക ഗാന്ധിയെ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് ബിജെപി നേതൃത്വവുമായി ഉടക്കിലാണ് വരുണ്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരുണ്‍ ബിജെപി വിടാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാഹുലിന്റെ പരാമര്‍ശം.