മാനന്തവാടി: കഴിഞ്ഞ ദിവസം നഗരസഭയുടെ മൂന്നാം വാര്‍ഡായ പിലാക്കാവ് മണിയന്‍കുന്നിലിറങ്ങിയ കടുവ കൂടും വനപാലകരും എത്തിയതോടെ പ്രദേശത്ത് നിന്ന് ‘മുങ്ങി’. മണിയന്‍കുന്നിനോട് അടുത്ത പ്രദേശമായ കല്ലു മൊട്ടംകുന്നില്‍ അജ്ഞാത ജീവി ആടിനെ ആക്രമിച്ച് കൊലപ്പെടുത്തിയതോടെ ഇത് കടുവയാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. മണിതൊട്ടി ബിജുവിന്റെ ആടിനെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 4.45 നാണ് സംഭവം.
ആടിന്റെ കരച്ചില്‍ കേട്ട് ലൈറ്റ് ഇട്ട ബിജു വന്യമൃഗം ഓടി പോകുന്നതാണ് കണ്ടത്. അപ്പോള്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല. മൂന്ന് വളര്‍ത്തുമൃഗങ്ങളെ കടുവ പിടിച്ച മണിയന്‍കുന്നിലും പരിസരത്തും വനം വകുപ്പിന്റെ തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച കടുവയുടെ സാന്നിധ്യം വനം വകുപ്പ് ജീവനക്കാര്‍ സ്ഥിരീകരിക്കുകയും പ്രദേശവാസികള്‍ നേരില്‍ കാണുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വൈകീട്ടോടെ മണിയന്‍കുന്നില്‍ കൂട് സ്ഥാപിച്ചിരുന്നെങ്കിലും തിങ്കളാഴ്ച കടുവ ഈ പ്രദേശത്തേക്ക് എത്തിയിരുന്നില്ല. മാത്രമല്ല വനംവകുപ്പ് വെച്ച ക്യാമറകളിലും കടുവയുടെ ദൃശ്യങ്ങളൊന്നും പതിഞ്ഞിട്ടില്ല. ഇതോടെ ഇന്നലെ കൂട് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു. കൂട്ടില്‍ കടുവ കൊന്ന പശുവിന്റെ ജഡമായിരുന്നു ഇരയായി വെച്ചിട്ടുണ്ടായിരുന്നുത്. കടുവ സമീപ പ്രദേശങ്ങളില്‍ തന്നെയുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടല്‍.
വനത്തോട് ചേര്‍ന്ന് കിടക്കുന്ന തേയിലത്തോട്ടത്തിലോ പുറംകാടുകളിലോ പകല്‍ തമ്പടിച്ചതിന് ശേഷം രാത്രിയാണ് ഇത് ജനവാസ മേഖലകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം കടുവ പശുവിനെ ആക്രമിച്ച പ്രദേശത്ത് നിന്ന് 30 മീറ്റര്‍ മാറി വനമേഖലയാണ്. ഇതാണ് കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിന് വിലങ്ങ് തടിയായിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ മൂന്ന് വളര്‍ത്തു മൃഗങ്ങളെയാണ് കടുവ മണിയന്‍കുന്ന് മാത്രം ആക്രമിച്ച് കൊലപ്പെടുത്തിയത്. കല്ലുമൊട്ടം കുന്നിലും വളര്‍ത്തുമൃഗം ആക്രമിക്കപ്പെട്ടതോടെ കര്‍ഷകര്‍ ഭീതിയിലാണ്.